16 August Sunday

മെഡിക്കൽ കോളേജ്‌: ഉത്തരംമുട്ടി കോൺഗ്രസ്‌

സ്വന്തം ലേഖകൻUpdated: Monday Dec 9, 2019

 

 
കൽപ്പറ്റ
വയനാട്‌ മെഡിക്കൽ കോളേജ്‌  വിഷയത്തിൽ രാഹുൽഗാന്ധി എംപിയുടെ അഭിപ്രായം കോൺഗ്രസിനെ തിരിഞ്ഞുകുത്തുന്നു. മെഡിക്കൽ കോളേജിന്‌ ഭൂമി കിട്ടാത്ത പ്രശ്‌നമുണ്ടെങ്കിൽ മധ്യപ്രദേശ്‌ സർക്കാരിന്റെ ഉടമസ്ഥതിയിലുള്ള  ബീനാച്ചി എസ്‌റ്റേറ്റ്‌ വിട്ടുകിട്ടാൻ ഇടപെടുമെന്ന്‌ കഴിഞ്ഞദിവസം രാഹുൽ അഭിപ്രായപെട്ടിരുന്നു. ചുണ്ടേൽ ഭൂമിയിൽ മെഡിക്കൽ കോളേജ്‌ ആരംഭിക്കാനുള്ള നീക്കങ്ങളുമായി സംസ്ഥാനസർക്കാർ മുന്നോട്ട്‌ പോവുന്നതിനിടയിലാണ്‌ യുഡിഎഫിലെ ഒരു വിഭാഗവും  ചില തൽപരകക്ഷികളും മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ്‌ നിർമിക്കണമെന്ന്‌ ആവശ്യവുമായി വന്ന്‌ വിഷയം വിവാദമാക്കിയത്‌.    ഇതിനിടയിലാണ്‌ രാഹുൽഗാന്ധി ബീനാച്ചി എസ്‌റ്റേറ്റ്‌ ഭൂമി മെഡിക്കൽ കോളേജിനായി മുന്നോട്ടുവെക്കുന്നത്‌. രാഹുലിന്റെ നിലപാടോടെ മടക്കിമലയിലെ ഭൂമി മെഡിക്കൽ കോളേജ്‌ നിർമാണത്തിന്‌ അനുയോജ്യമല്ലെന്ന വാദം അംഗീകരിക്കപ്പെടുകയാണ്‌. 2018 ലെ പ്രളയത്തെ തുടർന്നാണ്‌ മടക്കിമലയിലെ ഭൂമി മെഡിക്കൽ കോളേജിനായി ഉപയോഗിക്കുന്നതിൽ അപാകതയുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ പഠനം വേണമെന്നും വിദഗ്‌ധസംഘം നിലപാടെടുത്ത്‌. ഇതേ തുടർന്നാണ്‌ സംസ്ഥാനസർക്കാർ അടിയന്തര ഇടപെടൽ നടത്തി ചുണ്ടേലിൽ ഭൂമി കണ്ടെത്തിയതും തുടർനടപടികളുമായി മുന്നോട്ട്‌ പോയതും. ഈ രീതിയിൽ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാവുമെന്ന്‌ വന്നതോടെയാണ്‌ മടക്കിമലയിൽ തന്നെ കോളേജ്‌ പണിയണമെന്ന ആവശ്യവുമായി യുഡിഎഫ്‌ രംഗത്ത്‌ വരികയും ഇതിനായി സമരസമിതക്കടക്കം നേതൃത്വം നൽകുകയും ചെയ്‌തത്‌. ബീനാച്ചി എസ്‌റ്റേറ്റ്‌ ഭൂമിയെന്ന ആശയം രാഹുൽ മുന്നോട്ട്‌ വെച്ചതോടെ യുഡിഎഫ്‌ നിരന്തരം ആവശ്യപ്പെടുന്ന മടക്കിമലയുടെ പ്രസക്‌തി നഷ്‌ടമായി.    വേഗം മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കണമെന്ന എംപിയുടെ അഭിപ്രായം തന്നെയാണ്‌ എൽഡിഎഫിനുള്ളതെന്ന്‌ എൽഡിഎഫ്‌ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചുണ്ടേൽ ഭൂമി സംബന്ധിച്ച്‌ യാതൊരു നിയമ തടസങ്ങളും നിലവിലില്ല. സാമൂഹ്യാഘാത പഠനം അടക്കം കഴിഞ്ഞു.  ഇതിനിടയിൽ  ബീനാച്ചി എസ്‌റ്റേറ്റ്‌ കൈമാറുന്നതിലെ സാങ്കേതിക നടപടികൾ ചെറുതല്ല. അത്തരമൊരു ശ്രമം മെഡിക്കൽ  കോളേജ്‌ വീണ്ടും അനിശ്‌ചിതത്വത്തിലാക്കാനേ ഉപകരിക്കൂ എന്നതും വസ്‌തുതയാണ്‌. ഫലത്തിൽ ബീനാച്ചി എസ്‌റ്റേറ്റ്‌ എന്ന വാദവുമായി യുഡിഎഫ്‌ മുന്നോട്ട്‌ വന്നാൽ മെഡിക്കൽ കോളേജ്‌ വീണ്ടും വൈകുമെന്ന്‌ ഉറപ്പാണ്‌. ഇക്കാര്യം ജനങ്ങളെ എങ്ങനെ ബോധ്യപെടുത്തുമെന്നതും യുഡിഎഫിനെ പ്രതിസന്ധിയിലാക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top