21 November Thursday

വയനാട്‌ ചുരം നവീകരണത്തിന്‌ 33 കോടി; വളവുകൾ വീതികൂട്ടും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
കൽപ്പറ്റ > വയനാട്‌ ചുരം നവീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദത്തെ തുടർന്ന്‌ ദേശീയപാത അതോറിറ്റി തുക അനുവദിച്ചതോടെയാണ്‌ ചുരം നന്നാക്കാനുള്ള നടപടി തുടങ്ങിയത്‌. അടിവാരം മുതൽ വയനാട്‌ ചുണ്ടേൽവരെയുള്ള 21 കിലോമീറ്ററാണ്‌ നന്നാക്കുക. 33 കോടി രൂപയാണ്‌ അനുവദിച്ചിട്ടുള്ളത്‌. ദേശീയപാത 766ന്റെ 45 കിലോമീറ്റർ മുതൽ 66 കിലോമീറ്റർവരെയുള്ള ഭാഗമാണിത്‌.
 
കഴിഞ്ഞ ആഗസ്‌തിലുണ്ടായ പ്രളയത്തിൽ ചുരം ഉൾപ്പെടെ റോഡ്‌ തകർന്നു.  ഇത്‌ നന്നാക്കാനാണ് തുക. കുഴിയടയ്‌ക്കൽ,  ടാറിങ്, ‌ മണ്ണിടിഞ്ഞ ഭാഗം നന്നാക്കൽ എന്നിവയോടൊപ്പം വീതികൂട്ടല്‍ പ്രവൃത്തികളുമുണ്ടാകും. എസ്‌റ്റിമേറ്റ്‌ തയ്യാറാക്കല്‍ അവസാന ഘട്ടത്തിലാണ്‌. അംഗീകാരത്തിനായി അടുത്തയാഴ്‌ച സമർപ്പിക്കും.
 അനുമതി ലഭിച്ചാലുടൻ ടെൻഡർ  നടപടികളിലേക്ക്‌ നീങ്ങും. അടുത്ത മഴക്കാലത്തിനു മുമ്പ്‌ പ്രവൃത്തി പൂർത്തീകരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ദേശീയപാതാ അധികൃതർ പറഞ്ഞു.
 
ചുരത്തിലെ മൂന്ന്‌, അഞ്ച്‌ വളവുകൾ അടുത്തിടെ വീതികൂട്ടി ടാറിങ് പൂർത്തീകരിച്ചിട്ടുണ്ട്‌. വളരെ സൗകര്യത്തോടെയാണ്  ഇവിടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. മറ്റു വളവുകളും ഇതേ മാതൃകയിൽ വീതികൂട്ടാൻ പദ്ധതിയുണ്ട്‌.
പ്രധാന വാർത്തകൾ
 Top