21 October Monday

ആദിവാസി കുടുംബങ്ങളിൽ ഒരാൾക്ക്‌ തൊഴിൽ ഉറപ്പാക്കും: മന്ത്രി എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

 

കൽപ്പറ്റ
സർക്കാർ തലത്തിലും മറ്റു മേഖലയിലും ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ആദിവാസി വിഭാഗങ്ങളിൽ നിന്നും 125 പേരെ കൂടി വിവിധ സേനകളിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി അപോയ്‌മെന്റ് ചെയ്യും. ഇതിൽ 85 പേരും ജില്ലയിൽ നിന്നുള്ളവരാണ്‌. ഓണം 2019 പട്ടികവർഗ്ഗക്കാർക്കുള്ള ഓണക്കിറ്റ്, ഓണക്കോടി വിതരണം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഭ്യസ്തവിദ്യരായ പരമാവധി ആദിവാസി യുവതീ-യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മെന്റർ ടീച്ചറെന്ന ആശയം മികച്ച മാതൃകയായി. ഈ സാഹചര്യത്തിൽ ബിഎഡ്, ടിടിസി പൂർത്തിയാക്കിയ കൂടുതൽ പേർക്ക് ഈ വർഷം തന്നെ തൊഴിൽ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്‌. 
ആയിരത്തോളം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരെ പരിശീലനം നൽകി വിദേശ രാജ്യങ്ങളിൽ മികച്ച തൊഴിലിനായി അയക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെ മുഖ്യധാരയിലെത്തിക്കുയാണ്‌  ലക്ഷ്യം. ആദിവാസി മേഖലയിൽ രാജ്യത്തെവിടെയും ഇല്ലാത്ത പദ്ധതികളാണ് സർക്കാർ ആവീഷ്‌കരിച്ചത്‌. സമഗ്ര ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം 90,000 പേർക്ക് 75 കോടി രൂപയുടെ ചികിത്സാ സഹായങ്ങൾ ലഭ്യമാക്കി. ജനനിജന്മരക്ഷാ പദ്ധതിയിലൂടെ 44,000 ഓളം ഗർഭിണികൾക്കും മൂലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരത്തിനായി 30 കോടി രൂപ മാറ്റിവച്ചു. ആദിവാസി മേഖലയിൽ മഴക്കാലത്ത് തൊഴിൽ കുറവും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യവും പരിഗണിച്ച് 25 കോടി രൂപയുടെ ഉത്തേജന പാക്കേജും സർക്കാർ അനുവദിച്ചു.
പ്രളയത്തിൽ പൂർണ്ണമായി തകർന്ന 151 വീടുകൾക്ക് ആറു ലക്ഷം വീതവും ഭാഗീകമായി തകർന്ന 122 വീടുകളുടെ പുനരുദ്ധാരണത്തിനായി ഒന്നര ലക്ഷവും നൽകി. ഭൂമി നഷ്ടപ്പെട്ട 147 ആദിവാസികൾക്ക് 10 സെന്റ് വീതം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. അടിയന്തര ധനസഹായമായി 10,000 രൂപയും നൽകി. പട്ടിക ജാതി വകുപ്പ് പ്രളയം ബാധിച്ച 83,872 പേർക്ക് വകുപ്പുതലത്തിൽ 5000 രൂപയുടെ അടിയന്തര ധനസഹായം നൽകി. പട്ടിക ജാതി വിഭാഗത്തിൽ വീടു പൂർണ്ണമായി തകർന്ന 245 പേർക്ക് നാലുലക്ഷ വീതം അനുവദിച്ചു. പ്രളയം ദുരിതം നേരിട്ട 90 കോളനികൾ പുനരുദ്ധരിക്കാൻ ഒരു കോടി രൂപയും നൽകി. കേരളത്തിൽ 23,766 പട്ടികജാതി കുടുംബങ്ങളും 4060 ആദിവാസി കുടുംബങ്ങളും പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. വയനാട്ടിലെ ആദിവാസി ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top