23 February Saturday

ദുരിതത്തിൽ ആശ്വാസവും ആത്മവിശ്വാസവുമായി ബൃന്ദ

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018
മാനന്തവാടി
പ്രളയദുരിതത്തിലായ വയനാടിന് ആശ്വാസവും ആത്മവിശ്വാസവുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എത്തി. ദുരിത ബാധിതർക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നൽകിയ വീട്ടുപാത്രങ്ങുടെ വിതരണോദ്ഘടനത്തിനെത്തിയ അവർ പ്രളയം സമ്മാനിച്ച ദുരിതങ്ങളിൽ തകർന്നുപോയ ആദിവാസികളെയും സന്ദർശിച്ചാണ് മടങ്ങിയത്.  കണ്ണൂരിന്റെ സ്നേഹമുദ്ര പതിപ്പിച്ചെത്തിയ പാത്രങ്ങൾ ഏറ്റുവാങ്ങുന്നതിനും വിതരണോദ്ഘാടനം നിർവഹിക്കുന്നതിനും ശനിയാഴ്ച രാവിലെ പത്തരയോടെ ബൃന്ദ മാനന്തവാടിയിലാണ് ആദ്യമെത്തിയത്. പരിപാടി നടന്ന ഇ കെ നായനാർ സ്മാരക കമ്യൂണിറ്റി ഹാളിൽ ഇവർ എത്തുമ്പോൾ ഇവിടം സ്ത്രീകളെ കൊണ്ട് നിറഞ്ഞിരുന്നു. നേരെ ഹാളിനകത്ത് പ്രവേശിച്ച ഇവർ വേദിയിലേക്ക് കയറാതെ സദസ്സിൽ ഓരോരുത്തരുടെ അടുത്തുമെത്തി. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും നേരിട്ട വിഷമങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും കൈപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ബാൽക്കണിക്ക് മുകളിലെത്തിയും ആദിവാസി സ്ത്രീകളടക്കമുള്ളവരോട് വിവരങ്ങൾ ചോദിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയും ഒപ്പമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് പ്രളയത്തിൽ ഏറ്റവും വലിയ ദുരിതം നേരിട്ടതെന്നും അതിൽ താനും പങ്കാളിയാകുകയാണെന്നും ബൃന്ദ പറഞ്ഞു. സ്ത്രീകളുടെ സഹനങ്ങൾ എടുത്തുപറഞ്ഞു. പ്രളയം നേരിടാൻ മലയാളികൾ കാണിച്ച ഐക്യത്തെ അഭിനന്ദിക്കുകയും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും ഈ കൂട്ടായ്മ ഉണ്ടാകണമെന്നും അവർ ഓർമിപ്പിച്ചു.
പിന്നീട് ദുരിതബാധിതരായ ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് ആദിവാസികൾ താമസിക്കുന്ന കേന്ദ്രങ്ങളിലേക്ക് എത്തി. തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലാണ് ആദ്യമെത്തിയത്. കോളനിയിലെ സാംസ്കാരിക നിലയത്തിൽ ആദിവാസികൾ കാത്തുനിൽക്കുകയായിരുന്നു. ഇവർ മാലയിട്ട് സ്വീകരിച്ചു. പ്രളയത്തിന്റെ കെടുതികൾ ഇവരോടും ചോദിച്ചു. എകെഎസിന്റെ ഭൂസമരത്തിലൂടെയാണ് ഗോദാവരിയിൽ ആദിവാസികൾക്ക് ഭൂമി ലഭിച്ചത്. ഇവിടെ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും അവർ പറഞ്ഞു. പിന്നീട് ചേകാടി കോളനി, ഇരുളം ചീയമ്പം കോളനി, കൽപ്പറ്റ പടപുരം കോളനി എന്നിവിടങ്ങളിലും സന്ദർശിച്ചു.  
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി വി സഹദേവൻ, വി വി ബേബി, എകെഎസ് നേതാക്കളായ ഇ എ ശങ്കരൻ, പി വാസുദേവൻ, സീതാ ബാലൻ എന്നിവരും പി ആർ നിർമല, എം മധു, സനിത ജഗതീഷ്, പി സാജിത, വി ഹാരിസ്, എം എസ് സുരേഷ് ബാബു, ബിന്ദു പ്രകാശ്, കെ എസ് ഷിനു, എ വി ജയൻ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ ഒപ്പമുണ്ടായിരുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top