25 September Friday
- കരിപ്പൂർ ദുരന്തത്തിൽ നിന്ന്‌ രക്ഷപ്പെട്ട്‌ മാനന്തവാടി സ്വദേശി

നടുക്കുന്ന ഓർമകളിൽ യൂജിൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
 
മാനന്തവാടി
നിറയെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ജന്മ തീരമണിഞ്ഞവരെ  കൺമുമ്പിൽ നിന്നും  മരണം തട്ടിയെടുത്തതിന്റെ  നടുക്കുന്ന ഓർമകളിൽ‌  നിന്നും യൂജിൻ മുക്തനായിട്ടില്ല.   വലിയൊരു ദുരന്തത്തിൽ നിന്നും സ്വന്തം ജീവൻ തിരിച്ച്‌ കിട്ടിയെങ്കിലും ദുരന്തം വിവരിക്കുമ്പോൾ ‌ യൂജിന്റെ വാക്കുകൾ വിറച്ചു.  
 ദുബൈയിൽ നിന്നും ഉച്ചക്ക് ഒന്നരമണിക്ക് പുറപ്പെടേണ്ട വിമാനം രണ്ട് മണിക്ക് ശേഷമാണ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. വിമാനത്തിന്റെ  പുറകിലെ 21 ബി സീറ്റിലായിരുന്നു ഇരുന്നത്. രാത്രി ഏഴ് മണിയോടെ കോഴിക്കോട് എയർപോർട്ടിൽ എത്താൻ പോകുന്നുവെന്നുള്ള  പൈലറ്റിന്റെ  മെസേജ് വന്നതോടെ സന്തോഷമായി. എന്നാൽ വിമാനം ലാൻഡ് ചെയ്യാതെ വായുവിൽ തന്നെ 20 മിനുട്ടുനേരം കറങ്ങിയത്‌ യാത്രക്കാരെ ഭയാശങ്കയിലാക്കി.  പൈലറ്റ് ‘കാലിക്കറ്റ് ലാൻഡ് എന്ന് പറഞ്ഞ്‌ തീരും  മുമ്പ്‌ ആ  ശബ്ദം നിലച്ചു. കുറച്ച് സമയത്തിന് ശേഷം വിമാനം ലാൻഡ് ചെയ്തപ്പോൾ  ആശ്വാസമായി. എന്നാൽ ലാൻഡ് ചെയ്തപ്പോൾ  തന്നെ വിമാനം അതിവേഗം മുന്നോട്ട്‌ പോയി താഴേക്ക് പതിച്ചു.   മുൻഭാഗം കഷണങ്ങളാകുന്നതുമാണ്   കണ്ടത്.   മുൻ സീറ്റിലും പിൻസീറ്റിലും സ്ത്രീകളും കുട്ടികളുമാണുണ്ടായിരുന്നത്.  വിമാനത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഒരു കുട്ടിയേയും കൊണ്ട് പുളിക്കൽ ആശുപത്രിയിലെത്തുകയായിരുന്നു. യുജിന് കൈക്കും, ചുണ്ടിനും ചെറിയ മുറിവ് പറ്റിയിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം  സുഹൃത്തുക്കൾ കൊണ്ട് വന്ന കാറിൽ  ഒറ്റക്ക് ഡ്രൈവ് ചെയ്താണ്  യൂജിൻ  ശനിയാഴ്ച പുലർച്ചെ ഒന്നര മണിയോടെ മാനന്തവാടി ചെറ്റപ്പാലത്തെ വീട്ടിൽ എത്തിയത്.
മാനന്തവാടിഅറോമ റെന്റൽ സർവ്വീസ് ഉടമ  യൂസഫ്  റെജീന  ദമ്പതികളുടെ മകനാണ്‌  യുജിൻ.  ദുബൈയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ മാനേജറാണ്‌.  മൂന്ന്‌ 
വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്യുന്നു.  സെപ്തംബറിൽ കല്യാണം നടത്താനാണ്‌   നാട്ടിലെത്തിയത്‌.   

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top