24 September Thursday

പുഞ്ചിരിമട്ടം വിജനം; പൊലീസ് റോഡ് അടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 

കൽപ്പറ്റ
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പുഞ്ചിരി മട്ടം വിജനം. പ്രദേശത്ത് നിന്നും മുഴുവൻ പേരേയും ഒഴിപ്പിച്ചു. മുണ്ടക്കൈ - പുഞ്ചിരി മട്ടം റോഡ് പൊലീസ് അടച്ചു. ദുരന്തസ്ഥലത്തേക്ക് അനാവശ്യമായി ആളുകൾ എത്തി തുടങ്ങിയതോടെയാണ് റോഡ് അടച്ചത്. ദുരന്തഭൂമി കാണാൻ ശനിയാഴ്ച രാവിലെ മുതൽ ആളുകൾ വന്നു തുടങ്ങിയിരുന്നു.  തീവ്രമഴയിൽ അൽപ്പം കുറവുണ്ടായത് ആശ്വാസമായി. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ നിന്നും ആളുകളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറ്റിയത്. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. 89 പേരാണ് ഇവിടെ ഉള്ളത്.
പുഞ്ചിരിമട്ടത്തുനിന്നും ഏറെ മുകളിലായി വനമേഖലയിലാണ് ഉരുൾപൊട്ടിയത്. കൃഷി ഭൂമികളിലൂടെയാണ് ഉരുൾ ഒലിച്ചെത്തി മുണ്ടക്കൈ പുഴയിൽ പതിച്ചത്. കാപ്പിയും കുരുമുളകും ഉൾപ്പെടെ ഏക്കർകണക്കിന് കൃഷിയിടം നശിച്ചു. മലവെള്ളത്തിനൊപ്പം പാറയും മണ്ണും മരങ്ങളും ഒലിച്ചെത്തി. തോട്ടം നിറയെ കൂറ്റൻ കല്ലുകളടിഞ്ഞു.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും റവന്യു വകുപ്പ് ജീവനക്കാരും ശനിയാഴ്ച പുഞ്ചിരിമട്ടം ഭാഗങ്ങൾ സന്ദർശിച്ചു. ഉരുൾ പൊട്ടലിലുണ്ടായ നാശനഷ്ടങ്ങൾ പൂർണമായി മനസിലാക്കുന്നതിനായിട്ടായിരുന്നു സന്ദർശനം.
ചൂരൽമലവരെ കെഎസ്ഇബി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. കനത്ത മഴയിൽ വൈദ്യുത തൂണകൾ തകർന്നും മറ്റും പ്രദേശം ദിവസങ്ങളായി ഇരുട്ടിലായിരുന്നു. മുണ്ടക്കൈയിലും വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top