27 September Sunday
- മഴക്ക്‌ നേരിയ ശമനം

ദുരന്തഭീതി ഒഴിയുന്നില്ല; ജില്ലയിൽ ഇന്നും റെഡ്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

മുത്തങ്ങ മൻമദൻമൂല കോളനിയിലേക്ക്‌ താൽക്കാലിക നടപ്പാലം നിർമിക്കുന്നു

കൽപ്പറ്റ
 മഴക്ക്‌  നേരിയ ശമനമുണ്ടെങ്കിലും പ്രളയഭീതി വിട്ടൊഴിയാതെ ജില്ല. അതിതീവ്രമഴ സാധ്യത കണക്കിലെടുത്ത്‌ ജില്ലയിൽ ഞായറാഴ്‌ചയും റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 24 മണിക്കൂറിനകം 204.5 മിമീറ്ററിൽ കൂടുതൽ മഴ പെയ്യാനിടയുണ്ടെന്ന്‌  മുഖ്യമന്ത്രി  പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയിൽ കൽപ്പറ്റ ടൗൺ പ്രദേശമുൾപ്പടെ പല ഭാഗത്തും വെള്ളം കയറി.  ശനിയാഴ്‌ച രാവിലെ മുതൽ മഴ കുറഞ്ഞെങ്കിലും  അപകടഭീഷണി ഒഴിഞ്ഞില്ലെന്ന്‌ കാലാ വസ്ഥവിഭാഗം  മുന്നറിയിപ്പ്‌ നൽകുന്നു.   
    ജില്ലയിലെ പ്രധാന ഡാമുകളായ ബാണസുര, കാരപ്പുഴ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിനാൽ ഡാമിലേക്ക്‌ നീരൊഴുക്ക്‌ വർധിച്ചിട്ടുണ്ട്‌.  അതിശക്തമായ മഴ  ഉണ്ടായാല്‍ പനമരം പുഴയില്‍ ഉണ്ടാകാനിടയുള്ള പ്രളയഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായി   കാരാപ്പുഴ ഡാമിന്റെ  ഷട്ടറുകള്‍ കൂടുതൽ ഉയർത്തും.  റെഡ് അലര്‍ട്ടായതിനാല്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ജില്ലാ അധികൃതർ നിർദ്ദേശിച്ചു.  മഴയിൽ   പല  പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്‌. 
 ദേശീയപാതയിലെയും അന്തർജില്ല പാതകളിലെയും ഗതാഗതം പൂർണമായും പുന:സ്ഥാപിച്ചിട്ടില്ല. ദേശീയപാതയിൽ വെള്ളം കയറിയതിനാൽ മുത്തങ്ങവഴിയുള്ള യാത്രക്ക്‌ തടസ്സമുണ്ട്‌. കര്‍ണാടകയില്‍ നിന്ന് കുട്ട വഴിയുള്ള ഗതാഗതം നടത്താൻ അനുമതി നൽകിയിട്ടുണ്ട്‌.  കുറ്റ്യാടി ചുരം വഴിയും ഗതാഗതം അനുവദിച്ചിട്ടുണ്ട്‌. അതേസമയം അപകടസാധ്യത കണക്കിലെടുത്ത്‌ എല്ലാ ചുരം വഴിയും രാത്രിയാത്രക്ക്‌ നിരോധനമുണ്ട്‌. പനമരം, മാനന്തവാടി പുഴയിൽ ജലനിരപ്പ്‌ ഉയരുന്നതിനാൽ പരിസരപ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top