03 August Monday

ആശങ്കയിൽ കൽപ്പറ്റ ആസ്ഥാനനഗരി വിജനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
കൽപ്പറ്റ
 കണ്ടെയ്‌ൻമെന്റ്‌ സോണിലായതോടെ കൽപ്പറ്റ ടൗണും പരിസര പ്രദേശങ്ങളും നിതാന്തജാഗ്രതയിൽ. ലോക്ക്‌ഡൗൺ തുടക്കത്തിലേതുപോലെ നഗരം വിജനമായി. വിവിധ കേന്ദ്രങ്ങളിൽ പൊലിസ്‌ പരിശോധന ശക്തമാക്കി. കണ്ടെയ്‌ൻമെന്റ്‌ സോൺ അതിർത്തികളിൽ ബാരിക്കേഡ്‌ വെച്ചും വടം കെട്ടിയും   വാഹനങ്ങൾ തടഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മറ്റ്‌ വാഹനങ്ങളൊന്നും  കണ്ടെയ്‌ൻമെന്റ്‌ സോണിലേക്ക്‌ കടത്തി വിട്ടില്ല. 
   സോണിൽ ഉൾപ്പെടുന്ന ടൗണിലെ അവശ്യസാധനങ്ങൾ ഒഴിച്ചുള്ള കടകളെല്ലാം അടച്ചു.  ആനപ്പാലം ജംങ്‌ഷൻ മുതൽ അയ്യപ്പക്ഷേത്രം വരെയുള്ള കടകളാണ്‌ അടച്ചത്‌.  ബസ്‌സ്‌റ്റാൻഡുകൾ, ഓട്ടോ, ടാക്‌സി സ്‌റ്റാൻഡുകളെല്ലാം ഒഴിഞ്ഞുകിടന്നു. ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്‌. നഗരസഭയിലെ അഞ്ച്‌(എമിലി), ഒമ്പത്‌(പഴയ സ്‌റ്റാൻഡ്‌), 14 (പള്ളിത്താഴെ റോഡ്‌), 15(പുതിയ സ്‌റ്റാൻഡ്‌), 18(പുത്തൂർവയൽ ക്വാറി), 19(പുത്തൂർവയൽ) വാർഡുകളാണ്‌  കണ്ടെയ്‌ൻെ്മന്റ്‌ സോണായി പ്രഖ്യാപിച്ചത്‌. 
   നഗരത്തിലേക്ക്‌ വരുന്ന വാഹനങ്ങളെല്ലാം പരിശോധിച്ച്‌ തിരിച്ചയക്കുകയും  വഴി തിരിച്ച്‌ വിടുകയും ചെ്‌തു. ദേശീയപാതവഴി വരുന്ന വാഹനങ്ങൾ ബൈപ്പാസ്‌ വഴിയാണ്‌ കടത്തി വിടുന്നത്‌. ടൗണിലേക്ക്‌ വരുന്ന വാഹനങ്ങൾ ജനമൈത്രി ജംങ്‌ഷനിലും ബൈപ്പാസിലും നിർത്തി ആളെ ഇറക്കി വിടുകയാണ്‌. കർശനപരിശോധനയിലൂടെയും നിയന്ത്രണത്തിലൂടെയും ആരോഗ്യപ്രവർത്തകർ ഉൾപ്പടെ അത്യാവശ്യക്കാരെ മാത്രമാണ്‌ നഗരത്തിലേക്ക്‌ പ്രവേശിക്കാൻ അനുവദിക്കുന്നുള്ളു. 
    കൽപ്പറ്റ മെസ്‌ ഹൗസ്‌ റോഡിൽ വാടകക്ക്‌ താമസിക്കുന്ന തമിഴ്‌നാട്‌ മധുര സ്വദേശിയായ യുവാവിന്റെ സമ്പർക്ക പട്ടിക പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നഗരസഭയിലെ ആറ്‌ വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണിലായത്‌.  വീടുകളിൽ വസ്‌ത്രങ്ങളും തുണികളും വിൽപ്പന നടത്തുകയായിരുന്ന    ഇയാൾ സമ്പർക്കം പുലർത്തിയ  കൽപ്പറ്റ നഗരത്തിലെ  കീർത്തി സൂപ്പർ മാർക്കറ്റും കണ്ണൂർ സ്‌റ്റേഷനറിയും ചൊവ്വാഴ്‌ച അധികൃതർ അടപ്പിച്ചിരുന്നു. 
   കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ അടിയന്തരമായി നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി നഗരസഭ യോഗം ചേർന്നു.   ആദിവാസി കോളനികളിലെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനായി ടീം രൂപീകരിച്ചു ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കോളനികളിൽ പരിശോധന നടത്താൻ മെഡിക്കൽ സൂപ്രണ്ടിനെ ചുമതല പെടുത്തി .

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top