14 April Wednesday

ചെമ്പ്രാപീക്കും മീൻമുട്ടിയും പിന്നീട്‌ കാഴ്‌ചകൾ കാണാം, കുറുവയും സൂചിപ്പാറയും ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

കുറുവാദ്വീപ്

കൽപ്പറ്റ
  ജില്ലയിലെ പ്രധാന  ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കുറുവാദ്വീപും സൂചിപ്പാറയും ഉടൻ തുറന്നേക്കും.  ഇതിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾ നടക്കുന്നു. സൗത്ത്‌  വയനാട്‌ ഫോറസ്‌റ്റ്‌ ഡിവിഷനിലെ മറ്റ്‌ കേന്ദ്രങ്ങളായ ചെമ്പ്രാ പീക്ക്‌, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ തൽക്കാലം തുറക്കില്ല. 
  ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്‌ സൗത്ത്‌ വയനാട്‌ ഡിവിഷനിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത്‌.  2019 മാർച്ച്‌  22 മുതൽ അടച്ചതിനാൽ സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങൾ  വീണ്ടും ഒരുക്കേണ്ടതുണ്ട്‌.  കുറുവാദ്വീപിൽ ചങ്ങാടയാത്രയും ദ്വീപ്‌ സൗന്ദര്യാസ്വാദനവുമാണ്‌ പ്രധാനം.  രണ്ട്‌ വർഷത്തോളം അടഞ്ഞുകിടന്നതിനാൽ ചങ്ങാടങ്ങൾ ഉപയോഗശൂന്യമായിട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ  രണ്ട്‌ ചങ്ങാടങ്ങൾ പ്രവർത്തന സജ്ജമാക്കി. 
  സൂചിപ്പാറയിലും പ്രവർത്തനങ്ങൾ നടക്കുന്നു.  ടിക്കറ്റ്‌ കൗണ്ടറും വെള്ളച്ചാട്ടത്തിനരികിലേക്കുള്ള വഴിയും വൃത്തിയാക്കണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്രമീകരണങ്ങളാവും.   മീൻമുട്ടിയിൽ വെള്ളം കുറവായതിനാലാണ്‌ പ്രവേശനം വിലക്കുന്നത്‌.  ചെമ്പ്രാ പീക്കിൽ കാട്ടു തീ ഭീഷണിയാണ്‌ കാരണം.  വേനൽ കനക്കുന്നതോടെ മാർച്ചിൽ  ഇവിടേക്കുള്ള പ്രവേശനം നിർത്തുകയാണ്‌ പതിവ്‌. ശക്തമായ മഴ ലഭിച്ച്‌ കാട്ടുതീ ഭീഷണി  ഒഴിവായാൽ മാത്രമേ ചെമ്പ്രാപീക്ക്‌ തുറക്കൂ.  
 ഓരോ കേന്ദ്രത്തിലും പ്രവേശിപ്പിക്കാവുന്ന സന്ദർശകരുടെ എണ്ണം സംബന്ധിച്ച്‌ ഇതിനകം പഠനം നടത്തിയിരുന്നു. കോടതി നിർദേശപ്രകാരമായിരുന്നു പഠനം. ഒരു ദിവസം കുറുവയിൽ 1150, ചെമ്പ്രാപീക്ക്‌  200, സൂചിപ്പാറ 1200, മീൻമുട്ടി 1200 എന്നിങ്ങനെയാണ്‌ കണക്ക്‌. 
 വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്‌ ടൂറിസം മേഖലക്കാകെ ഉണർവാകും. അടച്ചിട്ടതുമൂലം നൂറുകണക്കിനാളുകളും  സ്ഥാപനങ്ങളും രണ്ട്‌ വർഷമായി കടുത്ത പ്രതിസന്ധിയിലായിരുന്നു. പ്രകൃതിദുരന്തവും  രോഗവ്യാപനവും കൂടിയായതോടെ ദുരന്തം ഇരട്ടിയായി. സർക്കാരിനും സാമ്പത്തിക നഷ്ടം നേരിട്ടു. ഓരോ മാസവും  കോടികളാണ്‌ നഷ്ടം.  വിനോദ കേന്ദ്രങ്ങൾ തുറക്കുന്നതോടെ തങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാവുമെന്നാണ്‌ ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top