20 August Tuesday

കാര്‍ഷിക സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി വിത്തുല്‍സവം

വെബ് ഡെസ്‌ക്‌Updated: Saturday Mar 9, 2019
കൽപ്പറ്റ
സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ നടന്നു വരുന്ന വിത്തുൽസവം നാടൻ വിളകളുടെ വിസ്മയലോകം തീർക്കുന്നു. പ്രത്യേകം തയ്യാറാക്കിയ വിത്തുപുര പരമ്പരാഗത വിത്തുകളുടെയും മറ്റു നടീൽ വസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
വയനാട്, കാസർകോട‌്, കണ്ണൂർ ജില്ലകളിലേയും തമിഴ്നാട്ടിൽനിന്നുമുള്ള വിവിധ തരം വിത്തുകൾ പ്രദർശനത്തിനൊരുക്കിയിരുന്നു.  വിത്തുൽസവത്തോടനുബന്ധിച്ച് വയനാട് ചീയമ്പത്തെ സ്ത്രീ സംരഭകരുടെ ഭക്ഷ്യോൽപ്പന്നങ്ങളും, കുടുംബശ്രീ പ്രവർത്തകരുടെ ഭക്ഷ്യമേളയും മാറ്റ് കൂട്ടി. 
പരിപാടിയോടനുബന്ധിച്ച് വിവിധ സെഷനുകളിലായി ദേശീയ സെമിനാറുകൾ നടത്തി. വിത്തുകൾ ഭാവിക്കായുള്ള കരുതൽ, ദേശീയ അന്തർ ദേശീയ കൂട്ടായ്മകൾ എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ ചർച്ചയിൽ ഡോ. എൻ അനിൽ കുമാർ, ഡോ. ബാലകൃഷ്ണ പിശുപതി, ഡോ. എൻ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. അന്തർ ദേശീയ വനിതാ ദിന പ്രത്യേക സെഷനായി നടത്തിയ സെമിനാറിൽ ഡോ. സി എസ് ചന്ദ്രിക, ഡോ. ഷെല്ലി, എ ദേവകി, ശ്രീജ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി സാജിത എന്നിവർ വിഷയമവതരിപ്പിച്ചു.
കൃഷിയിടത്തിൽ പ്രയോഗിക്കാവുന്ന വിവിധതരം പ്രകൃതി സൗഹൃദ ജൈവകീടനാശിനികളും വളർച്ചാ ത്വരഗങ്ങളും തയ്യാറാക്കുന്ന രീതികളും  സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ശനിയാഴ‌്ച വൈകിട്ട‌് നാലിന‌് നടക്കുന്ന സമാപന സമ്മേളനം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ‌്ഘാടനം ചെയ്യും.
 
പ്രധാന വാർത്തകൾ
 Top