26 September Saturday

വീടുകള്‍ ഒലിച്ചുപോയി മുണ്ടക്കൈയില്‍ ഉരുൾപൊട്ടല്‍; ആളപായമില്ല

സ്വന്തം ലേഖകൻUpdated: Saturday Aug 8, 2020

മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശം

കൽപ്പറ്റ
വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിൽ ഉരുൾപൊട്ടി വീടുകൾ ഒലിച്ചുപോയി. ആളപായമില്ല. ഏക്കർ കണക്കിന് കൃഷിയിടവും നശിച്ചു. മുൻകരുതലിന്റെ ഭാഗമായി കുടുംബങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഒറ്റപ്പെട്ടുപോയവരെ ഫയർഫോഴ്‌സ്‌,  ദേശീയ ദുരന്തരനിവാരണ സേന, പൊലീസ്‌ എന്നിവർ ചേർന്ന്‌ നാട്ടുകാരുടെ സഹായത്തോടെ  രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു ഉരുൾപ്പൊട്ടൽ. കഴിഞ്ഞ വർഷം ഉരുൾപ്പൊട്ടി 17 പേർ മരിച്ച പുത്തുമലയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണിത്. പുത്തുമല ദുരന്തത്തിന് ഒരാണ്ട് തികയുന്നതിന്റെ തലേദിവസമായിരുന്നു മുണ്ടക്കൈ ദുരന്തം.
മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ വനമേഖലയിലാണ് ഉരുൾപ്പൊട്ടിയത്. കിലോമീറ്ററുകളോളം താഴേക്ക് കൂറ്റൻ കല്ലുകളും മരങ്ങളും ഒലിച്ചെത്തി പുഴയിൽ പതിച്ചു. രണ്ട് വീടുകളാണ് തകർന്നത്. മഠത്തിൽ വിജയൻ, സുകുമാരൻ എന്നിവരുടെ വീടുകളാണ്‌ തകർന്ന് ഒലിച്ചുപോയത്. പല വീടുകൾക്കും ഭാഗീകമായും കേടുപാടുകൾ സംഭവിച്ചു. ഇതിൽ ഒന്നിൽ നാലുപേരുണ്ടായിരുന്നു. ടെറസിന് മുകളിൽ കയറി നിന്നാണ് ഇവർ രക്ഷപ്പെട്ടത്. മുണ്ടക്കൈ പുഴക്ക് കുറുകെയുള്ള പാലങ്ങളും ഒലിച്ചുപോയി. ഇതോടെയാണ് കുടുംബങ്ങൾ ഒറ്റപ്പെട്ടത്. ഫയർഫോഴ്‌സിന്റെ   നേതൃത്വത്തിൽ ഇവരെ രക്ഷപ്പെടുത്തി. പുഴക്ക് കുറുകെ  വടം കെട്ടി നെറ്റിനുള്ളിൽ ആളുകളെയിയിരുത്തി വടത്തിലൂടെ ഇക്കരെ എത്തിക്കുകയായിരുന്നു. വനറാണി എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ കുടുങ്ങിയ 11 പേരേയും രക്ഷപ്പെടുത്തി. വൈകിട്ട് നാലോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനി റോഡും ഒലിച്ചുപോയി.
കഴിഞ്ഞ ഒന്നുമുതൽ പ്രദേശത്ത് കനത്ത മഴയാണ്. ദുരന്ത സാധ്യത കണക്കിലെടുത്ത് രണ്ടുദിവസമായി പഞ്ചായത്തിന്റേയും റവന്യു അധികൃതരുടെയും നേതൃത്വത്തിൽ ഇവിടെനിന്നും കുടുംബങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. അവശേഷിച്ചവരെ വെള്ളിയാഴ്ച മാറ്റി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top