07 August Friday

തൊണ്ടർനാട്‌ പാക്കേജിൽ വിജിലൻസ്‌ അന്വേഷണം

വി ജെ വർഗീസ്‌Updated: Wednesday Jul 8, 2020
കൽപ്പറ്റ
കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തിൽ മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ തൊണ്ടർനാട് പഞ്ചായത്തിൽ നടപ്പാക്കിയ അഞ്ചുകോടിയുടെ പദ്ധതിയിലെ അഴിമതിയിൽ വിജലൻസ്‌ കേസ്‌ എടുത്തു. കഴിഞ്ഞ 30നാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. വിജിലൻസ്‌ നടത്തിയ പ്രാഥമികാന്വേഷണത്തിൽ  അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌‌. വിജിലൻസ്‌ ഡിവൈഎസ്‌പി എ വി ജോണിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.
2014ൽ തൊണ്ടർനാട്‌ പഞ്ചായത്തിലെ ചപ്പ ആദിവാസി കോളനിക്ക്‌ സമീപം വനത്തിൽ മാവോയിസ്‌‌റ്റുകളും തണ്ടർബോൾട്ട്‌ സംഘവും ഏറ്റമുട്ടി. തട്ടർബോൾട്ട്‌ സംഘത്തിനുനേരെ വെടിയുതിർത്ത്‌ മാവോയിസ്‌റ്റുകൾ രക്ഷപ്പെട്ടു. തുടർന്ന്‌ ചപ്പ പ്രദേശവും കോളനിയും സന്ദർശിച്ച അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയാണ്‌  മാവോയിസ്‌റ്റ്‌ സാനിധ്യമുള്ള കോളനികളുടെ വികസനത്തിന്‌ അഞ്ച്‌ കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്‌. പി കെ ജയലക്ഷ്‌മി ആയിരുന്നു ‌ പട്ടികവർഗ വകുപ്പ്‌ മന്ത്രി. യുദ്ധകാലാടിസ്ഥാനത്തിൽ കോളനികളിൽ വികസനമെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം.
യുഡിഎഫ്‌ നേതൃത്വത്തിലുള്ള മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിക്കാണ്‌‌‌ പദ്ധതിയുടെ നിർവഹണ ചുമതല നൽകിയത്‌. പട്ടികവർഗ വികസന ഓഫീസറെ‌ നിർവഹണ ചുമതല ഏൽപ്പിക്കാനുള്ള ആദ്യ ഉത്തരവ്‌ തിരുത്തിയാണ്‌ യുഡിഎഫ്‌ ഭരണസമിതിയെ ഏൽപ്പിച്ചത്‌. 12 കോളനികളിൽ വികസനമെത്തിക്കുന്ന പദ്ധതിക്ക്‌  21–-01–-2015ന്‌‌ ഭരണാനുമതി നൽകി. പിന്നീട്‌ അഞ്ചുകോടി രൂപ കൈമാറി.
കോളനി റോഡുകളുടെ വികസനം, ഭവന നിർമാണം, കക്കൂസ്‌ നിർമാണം, കൂൺകൃഷി, തേനീച്ച വളർത്തൽ,  പശുവളർത്തൽ യൂണിറ്റ്, ആടുവളർത്തൽ യൂണിറ്റ്, തയ്യൽ, എംബ്രോയിഡറി പരിശീലനം, വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ്  തുടങ്ങിയവയാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്‌. ഇവയൊന്നും  കൃത്യമായി നടപ്പാക്കാതെ രേഖളുണ്ടാക്കി പണം തട്ടി. ആദിവാസികൾക്ക്‌  ഒരു ഗുണവും ലഭിച്ചില്ല. അഴിമതിയിൽ വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നിരവധി സമരങ്ങൾ നടത്തി. 
മാധ്യമ വാർത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ്‌ വിജിലൻസ്‌ പ്രാഥമികാന്വേഷണം നടത്തിയത്‌. അന്വേഷ‌ണത്തിൽ അഴിമതി ബോധ്യപ്പെട്ടതിനെ തുടർന്നാണ്‌ ഡയറക്ടർ കേസ്‌ എടുക്കാൻ അനുമതി നൽകിയത്‌. അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിക്കും പദ്ധതിയുടെ കരാറുകാരനും എതിരെയാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌‌. ഭരണസമിതി നേതൃത്വം നൽകിയവരുൾപ്പെടെ കൂടുതൽപേർ പ്രതികളാകും. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top