ബത്തേരി
വനത്തിൽ കയറി ഫോട്ടോ എടുക്കുന്നതിനിടെ കാട്ടാനാക്രമണത്തിൽനിന്ന് തലനാരിഴ്‌യ്‌ക്ക് രക്ഷപ്പെട്ട് യുവാവ്. ഞായർ വൈകിട്ട് അഞ്ചോടെ ദേശീയപാത 766ൽ മുത്തങ്ങ പൊൻകുഴിയിൽ കാറിൽ നിന്നിറങ്ങി വനത്തിനകത്ത് കയറി കാട്ടാനയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയായ മുപ്പത്തഞ്ചുകാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മൂലഹള്ള ഭാഗത്ത്‌നിന്ന് ഇന്നോവ കാറിൽ വന്ന യുവാവ് റോഡരികിലുണ്ടായിരുന്ന കാട്ടാനയെ പിന്തുടർന്ന് ഫോട്ടോ എടുക്കുന്നതിനിടെ കലിപൂണ്ട കാട്ടാന യുവാവിനെ പിന്തുടർന്ന് ഓടിക്കുകയായിരുന്നു. ഓടുന്നതിനിടെ യുവാവ് വീണു. പാഞ്ഞടുക്കുകയായിരുന്ന കാട്ടാനയെ അതുവഴിയെത്തിയ വനംവകുപ്പിന്റെ ട്രക്കിങ് ബസ്സിലുണ്ടായിരുന്നവർ ബഹളംവച്ചും വാഹനത്തിന്റെ ഹോൺ മുഴക്കിയും പിന്തിരിപ്പിച്ചു. പിന്നീട് ചെക്ക്‌പോസ്‌റ്റിലെത്തിയ കാർ വനംവകുപ്പ് അധികൃതർ തടഞ്ഞു.
വനത്തിൽ അതിക്രമിച്ചുകയറി കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന് യുവാവിന് നാലായിരം രൂപ പിഴ ചുമത്തി. യുവാവിനെ കാട്ടാന ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..