കൽപ്പറ്റ
പിന്നാക്ക ജില്ലകളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ സാമ്പത്തിക -നൈപുണ്യ വികസന മേഖലയിൽ ജില്ലയ്ക്ക് മികച്ച നേട്ടം. ഏപ്രിൽ മാസത്തെ ഡെൽറ്റാ റാങ്കിങ്ങിൽ ദേശീയാടിസ്ഥാനത്തിൽ രണ്ടാംസ്ഥാനം നേടിയതായി കലക്ടർ ഡോ. രേണുരാജ്, ജില്ലാ പ്ലാനിങ് ഓഫീസർ ആർ മണിലാൽ എന്നിവർ അറിയിച്ചു. രാജ്യത്തെ 112 ജില്ലകളിൽ സംസ്ഥാനത്തെ ഏക ആസ്പിരേഷണൽ ജില്ലയാണ് വയനാട്. ജില്ലാ ഭരണസംവിധാനത്തിന്റെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ നബാർഡും ലീഡ് ബാങ്കും ജില്ലയിലെ മറ്റു ബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കുന്ന സുരക്ഷാ 2023 പദ്ധതിയിലൂടെ പ്രധാനമന്ത്രിയുടെ സാമുഹ്യസുരക്ഷാ പദ്ധതികളിൽ പുതിയ അംഗങ്ങളെ ചേർക്കാനായത് സാമ്പത്തിക വിഭാഗത്തിലെ നേട്ടത്തിന് സഹായിച്ചു. നൈപുണ്യവികസന മേഖലയിൽ സ്‌കിൽ സെക്രട്ടറിയറ്റിന്റെയും ജില്ലാ സ്‌കിൽ കമ്മിറ്റിയുടെയും ഇടപെടൽ മികച്ച റാങ്കിങ്ങിന് കാരണമായി. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കലക്ടർ അഭിനന്ദിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് 18 കോടി രൂപ ചലഞ്ച് ഫണ്ട് അനുവദിച്ചിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടിൽനിന്ന് 4.5 കോടി രൂപയുടെ പ്രവൃത്തികളും പൂർത്തിയാക്കി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കേന്ദ്രസർക്കാർ 2018ൽ ആരംഭിച്ചതാണ് ആസ്പിരേഷണൽ ജില്ലാ പദ്ധതി. ജില്ലകളെ ദ്രുതഗതിയിൽ ഫലപ്രദമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യ-പോഷണ മേഖല, വിദ്യാഭ്യാസം, കൃഷി, -ജലവിഭവം, സാമ്പത്തിക- നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് മേഖലകളിലെ പുരോഗതിയാണ് പദ്ധതിയുടെ കീഴിൽ വിലയിരുത്തുന്നത്.
ദേശീയതലത്തിൽ നിതി ആയോഗിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി നടത്തിപ്പിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കലക്ടറാണ് ജില്ലാതല നോഡൽ ഓഫീസർ. ജില്ലാ പ്ലാനിങ് ഓഫീസർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജില്ലാതല കമ്മിറ്റി എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..