കൽപ്പറ്റ
തെരഞ്ഞെടുപ്പിന് പിന്നാലെ പരീക്ഷാ ചൂടും. ജില്ലയിൽ 11,766 വിദ്യാർഥികൾ വ്യാഴാഴ്ച എസ്എസ്എൽസി പരീക്ഷ എഴുതും. 10,100 വിദ്യാർഥികൾ ഹയർ സെക്കൻഡറി പരീക്ഷയും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും രണ്ട് പരീക്ഷകളും. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് പരീക്ഷ ക്രമീകരിച്ചത്.
പോളിങ് സ്റ്റേഷനുകളായിരുന്ന സ്കൂളുകളെല്ലാം ഒറ്റദിനംകൊണ്ട് പരീക്ഷക്ക് ഒരുക്കി. അധ്യാപകരും പിടിഎയും ഒന്നിച്ച് പ്രവർത്തിച്ചു. ക്ലാസ് മുറികൾ അണുനശീകരണം നടത്തി. ബെഞ്ചും ഡെസ്കും ക്രമീകരിച്ചു. ഡെസ്കുകളിൽ വിദ്യാർഥികളുടെ രജീസ്ട്രേഷൻ നമ്പറുകളും രേഖപ്പെടുത്തി.
കോവിഡിൽ സ്കൂൾ തുറക്കാൻ കഴിയാതിരുന്നാൽ ഓൺലൈൻവഴിയായിരുന്നു പഠനം. ജനുവരിയിൽ എസ്എസ്എൽസി, പ്ലസ് ടുകാർക്ക് മാത്രമായി ക്ലാസ് ആരംഭിച്ചു. ക്യാമ്പ് ഉൾപ്പെടെ നടത്തി വിദ്യാർഥികളെ പരീക്ഷക്ക് സജ്ജമാക്കി. ഓൺലൈൻ വഴിയും മികച്ച ക്ലാസുകളാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയത്.
പൂർണമായും കോവിഡ് മാനദണ്ഡത്തിൽ
പരീക്ഷ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും. ശാരീരിക അകലം പാലിച്ചാണ് വിദ്യാർഥികളെ പരീക്ഷക്കിരുത്തുക. ശരീരോഷ്മാവ് പരിശോധിച്ചാണ് പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുക. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസറും വെള്ളവും ഉണ്ടാകും. ആരോഗ്യപ്രവർത്തകർ എല്ലാ സ്കൂളുകളിലുമുണ്ടാകും. തെർമോമീറ്റർ ഉൾപ്പെടെയുള്ളവ ഒരുക്കിയിട്ടുണ്ട്. കെഎസ്ടിഎ നേതൃത്വത്തിൽ എല്ലാ വിദ്യാലയങ്ങളിലും ജാഗ്രതാസമിതികളും പ്രവർത്തിക്കും. പരീക്ഷാ നടത്തിപ്പിനാവശ്യമായ മുഴുവൻ സഹായങ്ങളും നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..