28 May Thursday
ജില്ലയിൽ അതീവ ജാഗ്രത

നീലഗിരിയിലെ കോവിഡും ഭീഷണി

സ്വന്തം ലേഖികUpdated: Wednesday Apr 8, 2020

ലക്കിടിയിൽ റവന്യു ആരോഗ്യ–-പൊലിസ് സംഘം പരിശോധന നടത്തുന്നു

കൽപ്പറ്റ

നീലഗിരിയിൽ നാല്‌ പേർക്ക്‌  കോവിഡ് ബാധിച്ചതോടെ ജില്ല അതീവ ജാഗ്രതയിലേക്ക്‌. അയൽ ജില്ലകളായ കണ്ണൂർ കോഴിക്കോട്‌, മലപ്പുറം ജില്ലകൾ  ഹോട്ട്‌ സ്‌പോട്ടായതിന്‌ പിന്നാലെയാണ്‌ അയൽ ജില്ലയിലും കോവിഡ്‌ സ്ഥീതീകരിച്ചത്‌.  ജില്ലാ അതിർത്തിയോട്‌ ചേർന്ന കർണാടകയിലെ ചാമരാജ്‌ നഗറും ഹോട്ട്‌ സ്‌പോട്ടാണ്‌. 

തിങ്കളാഴ്ച്ചയാണ്   നീലഗിരിയിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പത്തുപേരിൽ  നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരടക്കം എട്ട് പേർ ഊട്ടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. രണ്ട് പേർ ഡൽഹിയിൽ തന്നെയാണ്.  മലപ്പുറം, വയനാട്  ജില്ലകളുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് നീലഗിരി. കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിലെ ആളുകൾക്ക് വിദഗ് ധ ചികിത്സക്ക് 200 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ മെഡിക്കൽ കോളേജാശുപത്രിയിലോ 50  കിലോമീറ്റർ ദൂരത്തിലുള്ള ഊട്ടി ജില്ലാ ആശുപത്രിയിലോ എത്തണം.   ഡോക്ടർമാർ, ആധുനിക ചികിത്സാ സംവിധാനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഈ ആശുപത്രികളിൽനിന്ന് മികച്ച ചികിത്സ കിട്ടാറുമില്ല . അതിനാൽ പ്രസവം ഉൾപ്പെടെയുള്ള ചികിത്സക്ക് ഇവർ വയനാട്ടിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതിർത്തിയിൽ ശക്തമായ പരിശോധനക്ക് ശേഷമാണ് അടിയന്തര ചികിത്സക്ക് ജില്ലയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. എങ്കിലും സുരക്ഷ ക്രമീകരണങ്ങൾ ഇത്രയും കാര്യക്ഷമമല്ലാത്ത ജില്ലയിൽനിന്നും  ആളുകളെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.  

 ഹോട്ട്‌ സ്‌പോട്ടായ അയൽ  ജില്ലകളിൽനിന്നും വയനാട്ടിലേക്കുള്ള പ്രവേശനത്തിന് ജില്ലാ ഭരണകൂടം ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌.   ബോയ്സ് ടൗൺ, പേര്യ , കുറ്റ്യാടി ചുരത്തിലെ പക്രംതളം, താമരശ്ശേരി ചുരംപാത അവസാനിക്കുന്ന ലക്കിടി , വടുവഞ്ചാൽ - ചേരമ്പാടി പാതയിലെ ചോലാടി എന്നിവിടങ്ങളിലാണ് പരിശോധന ശക്തമാക്കിയത്. തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൊലിസ്, ആരോഗ്യ പ്രവർത്തകരുടെ സംഘമാണ് പരിശോധന നടത്തുന്നത് . 

ചികിത്സ ഉൾപ്പെടെ  ഏറ്റവും അടിയന്തര ആവശ്യങ്ങൾക്കെത്തുന്നവരെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളു എന്ന് കലക്ടർ ഡോ അദീല അബ്ദുള്ള പറഞ്ഞു. ജില്ലയിലെത്തുന്നവർ ക്വാറന്റയിനിലാകുമെന്നും അവർ പറഞ്ഞു. 

 
പ്രധാന വാർത്തകൾ
 Top