27 May Wednesday
ഡ്രോൺ പരിശോധന തുടരും

എല്ലാം ആകാശപക്ഷി കണ്ടിട്ടുണ്ട്‌; നടപടി പിന്നാലെ വരും

സ്വന്തം ലേഖകൻUpdated: Wednesday Apr 8, 2020

മാനന്തവാടി ചങ്ങാടക്കടവിൽ പുഴയിൽ നീന്തിയിരുന്നവർ ഡ്രോണിനെകണ്ട്‌ ഓടിരക്ഷപ്പെടുന്ന ദൃശ്യം

കൽപ്പറ്റ
ലോക്ക്‌ഡൗണിൽ പൊലീസിന്റെ കണ്ണ്‌വെട്ടിച്ച്‌ പുറത്തിറങ്ങിയവർ ജാഗ്രതൈ.  വട്ടമിട്ട്‌ പറന്ന ആകാശപക്ഷി  നിങ്ങളെ ഒപ്പിയെടുത്തിട്ടുണ്ട്‌. ദൃശ്യങ്ങൾ പരിശോധനയിലാണ്‌. പൊതുവിടങ്ങളിൽ രണ്ടുദിവസം നിങ്ങളെ കണ്ടിട്ടുണ്ടെങ്കിൽ പൊലീസ്‌ കൈയ്യോടെ പിടികൂടും. ലോക്ക്‌ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താനായുള്ള  ഡ്രോൺ പരിശോധന പൊലീസ്‌ തുടരുകയാണ്‌.  തിങ്കളാഴ്‌ചവരെ ഒരു ഡ്രോണാണ്‌ പരിശോധനക്കുണ്ടായിരുന്നത്‌.  ചൊവ്വാഴ്‌ച്ചമുതൽ എണ്ണം രണ്ടായി. പരിശോധന വ്യാപകമാക്കാനാണ്‌ പൊലീസ്‌ തീരുമാനം. കഴിഞ്ഞ 29നാണ്‌  ഡ്രോണുകളുടെ ആകാശ പരിശോധന തുടങ്ങിയത്‌.  നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുത്തു. വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ ലോക്ക്‌ഡൗണും നിരോധനാജ്ഞയും ലംഘിക്കുന്നവരുടെ  എണ്ണത്തിൽ കുറവുണ്ടായി. പൊലീസിന്റെ കണ്ണ്‌ വെട്ടിക്കുന്നവർക്ക്‌ ‘മുകളിലെ കണ്ണ്‌’ വെട്ടിക്കാൻ കഴിയാതെ വന്നതോടെ വീട്ടിലിരിക്കേണ്ടിവന്നു. 
ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം ഡ്രോണിന്റെ ക്യാമറാ കണ്ണുകൾ പതിയുന്നുണ്ട്‌. ആളുകൾ കൂടുന്ന മറ്റ്‌ ഇടങ്ങളിലും പരിശോധന തുടരുകയാണ്‌. കമ്പളക്കാട്‌, മുട്ടിൽ തുടങ്ങിയ ചെറുടൗണുകളിൽ പലതവണ  ഡ്രോണുകളെത്തി.  പൊലീസ്‌ പലതവണ നിർദേശം നൽകിയിട്ടും ആളുകൾ അനുസരിക്കാതെ വന്നതോടെയാണ്‌  പരിശോധന ശക്തമാക്കിയത്‌.  ശക്തിയേറിയ ക്യാമറയാണ്‌ ഡ്രോണുകളിലുള്ളത്‌. ചെറിയ ദൃശ്യങ്ങൾപോലും ഒപ്പിയെടുക്കും. ആളുകളെ കൃത്യമായി തിരിച്ചറിയാനാകും. ടൗണുകളിൽ നടത്തിയ പരിശോധനയിൽ ചിലർ പതിവായി ലോക്ക്‌ഡൗൺ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. ഇവർക്കെതിരെ  നടപടി സ്വീകരിക്കാനാണ്‌ പൊലീസ്‌ നീക്കം. 
 
നീന്തിത്തുടിച്ചവർ 
ഓടെടാ...ഓട്ടം
കൽപ്പറ്റ
കൂട്ടത്തോടെ പുഴയിൽ നീന്തിത്തുടിച്ചവരെയും ഡ്രോൺ പൊക്കി.  ഡ്രോണിനെ  കണ്ടുള്ള ഇവരുടെ ഓട്ടം വൈറലായി. റോഡിൽ മാത്രമല്ല, പുഴയിലും ഇറങ്ങാൻ പാടില്ലെന്ന്‌ വിളിച്ചുപറഞ്ഞായിരുന്നു ഓട്ടം.  മാനന്തവാടി ചങ്ങാടക്കടവിൽ പഴശ്ശിപാർക്കിനോട്‌ ചേർന്ന്‌ പുഴയിൽ കൂട്ടമായി നീന്തിയവരാണ്‌ ഡ്രോണിന്റെ കണ്ണിൽപെട്ടത്‌. പുഴയിൽനിന്നും കരയിലേക്ക്‌ നീന്തിക്കയറി കിട്ടിയ വസ്‌ത്രങ്ങളുമെടുത്ത്‌ ഓടിമറയുന്ന ദൃശ്യം പൊലീസാണ്‌ പുറത്തുവിട്ടത്‌.  
 
പ്രധാന വാർത്തകൾ
 Top