28 March Tuesday
‘പൊതുപദ്ധതി’ നിദേശം അവഗണിച്ച്‌ ജില്ലാ പഞ്ചായത്ത്‌

ഭരണസമിതി യോഗം ബഹിഷകരിച്ച്‌ എൽഡിഎഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ബോർഡ്‌ യോഗം ബഹിഷ്‌കരിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ ജില്ലാ പഞ്ചായത്തിന്‌ മുമ്പിൽ കുത്തിയിരിപ്പ്‌ സമരം നടത്തുന്നു

കൽപ്പറ്റ
ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം പ്രതിരോധിക്കാൻ പൊതുപദ്ധതി തയ്യാറാക്കാൻ ജില്ലാപഞ്ചായത്ത്‌ നേതൃത്വം നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ ജില്ലാ പഞ്ചായത്ത്‌  ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു. അംഗങ്ങൾ ജില്ലാ പഞ്ചായത്തിന്‌ മുമ്പിൽ കുത്തിയിരിപ്പ്‌ സമരവും നടത്തി. 
ചൊവ്വാഴ്‌ച ചേർന്ന ഭരണസമിതി യോഗത്തിന്റെ അജൻഡയിൽ വന്യമൃഗശല്യം ഉൾപ്പെടുത്തിയിരുന്നില്ല. കർഷകനെ കടുവ കൊന്നതുൾപ്പെടെയുള്ള അതിഗുരുതര സാഹചര്യം നിലനിൽക്കുമ്പോൾ മറ്റ്‌ അജൻഡകൾ മാറ്റിവച്ച്‌ വിഷയം ചർച്ചചെയ്യണമെന്ന്‌ എൽഡിഎഫ്‌ ആവശ്യപ്പെട്ടു.  ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട്‌ ചർച്ചയ്‌ക്കെടുത്തു. 
വിഷയം അവതരിപ്പിച്ച എൽഡിഎഫ്‌ പാർലമെന്ററി പാർടി ലീഡർ സുരേഷ്‌ താളൂർ നാലു കാര്യങ്ങൾ ഉന്നയിച്ചു. കാലഹരണപ്പെട്ട കേന്ദ്ര വനനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെടുക, വന്യജീവി ആക്രമണത്തിലെ നഷ്ടപരിഹാരം കാലോചിതമായി പരിഷ്‌കരിക്കാൻ സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെടുക, വയനാടൻ കാടുകൾക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തവിധം കടുവകൾ  വർധിച്ചതിനാൽ കഴിയാവുന്നവയെ പിടികൂടി ഇതര സംസ്ഥാനങ്ങളിലുൾപ്പെടെയുള്ള  വനങ്ങളിൽ വിടാനുള്ള  തീരുമാനം കേന്ദ്രസർക്കാരിനെക്കൊണ്ട്‌ എടുപ്പിക്കാൻ ഇടപെടുക, ജില്ലയിലെ വന്യമൃഗശല്യം പരിഹരിക്കാൻ പൊതുപദ്ധതി തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത്‌ നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ടു. 
ത്രിതതല പഞ്ചായത്തുകൾ, എംഎൽഎ, എംപി ഫണ്ടുകൾ, കേന്ദ്ര–-സംസ്ഥാന ഫണ്ടുകൾ, സിഎസ്‌ആർ ഫണ്ടുകൾ തുടങ്ങിയവയും വൈത്തിരി മാതൃകയിൽ ജനകീയമായും ഫണ്ടുകൾ കണ്ടെത്തി  പൊതുപദ്ധതി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു. 
ചർച്ചയിൽ അംഗങ്ങൾ പൊതുവിൽ എൽഡിഎഫ്‌ നിർദേശങ്ങളോട്‌ യോജിച്ചു. എന്നാൽ മറുപടിയിൽ പ്രസിഡന്റ്‌ സംഷാദ്‌ മരയ്‌ക്കാർ വിഷയം നിസ്സാരവൽക്കരിച്ച്‌ രാഷ്‌ട്രീയ പ്രസംഗമാണ്‌ നടത്തിയതെന്ന്‌ എൽഡിഎഫ്‌ ആരോപിച്ചു. ജില്ലയുടെ നീറുന്ന വിഷയത്തിൽ പൊതുപരിഹാരത്തിന്‌ ശ്രമിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ പ്രസിഡന്റ്‌ ധിക്കാരനിലപാട്‌ സ്വീകരിച്ചതിൽ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോകുന്നതായി  എൽഡിഎഫ്‌ അംഗങ്ങൾ പറഞ്ഞു. തുടർന്ന്‌ പ്രകടനമായി പുറത്തെത്തി ഓഫീസിന്‌ മുന്നിൽ കുത്തിയിരിപ്പ്‌ സമരം നടത്തി.  
ജില്ലാ പഞ്ചായത്തിന്റെ നിരുത്തരവാദിത്ത നിലപാടിനെതിരെയും വന്യമൃഗശല്യം പരിഹരിക്കാൻ നടപടികൾ ആവശ്യപ്പെട്ടും  ആക്‌ഷൻ കമ്മിറ്റികളെയും ബഹുജനങ്ങളെയും കൂട്ടിയോജിപ്പിച്ച്‌ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുമെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. 
ധർണയിൽ  പാർലമെന്ററി പാർടി ലീഡർ  സുരേഷ് താളൂർ, കൺവീനർ ജുനൈദ് കൈപ്പാണി,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു,  എൻ സി പ്രസാദ്, കെ വിജയൻ, ബിന്ദു പ്രകാശ്, എ എൻ സുശീല, സിന്ധു ശ്രീധരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top