16 January Saturday

ബത്തേരിയുടെ സമൂഹ അടുക്കളയ്‌ക്ക്‌ ദേശീയ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
ബത്തേരി
ദേശീയശ്രദ്ധയിലേക്ക്‌ ബത്തേരി നഗരസഭയുടെ സമൂഹ അടുക്കള. ലോക്ക്‌ ഡൗൺ കാലത്ത്‌ മാർച്ചിൽ കുപ്പാടി ഗവ.ഹൈസ്‌കൂളിൽ തുടങ്ങിയ സമൂഹ അടുക്കളയാണ്‌ ദേശീയതലത്തിൽ അംഗീകാരം നേടിയത്‌.  പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ‌്സൈറ്റിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സമൂഹ അടുക്കളകളെ പരാമർശിക്കുന്നതിൽ കേരളത്തിന്റെ മോഡലായി ചൂണ്ടിക്കാണിച്ചത്‌ ഈ അടുക്കളയാണ്‌.. നാല‌് മാസം പിന്നിട്ടിട്ടും മുടങ്ങാതെ തുടരുന്ന ബത്തേരി നഗരസഭയുടെ സമൂഹ അടുക്കള കോവിഡ‌് മഹാമാരിക്കാലത്ത‌് അഗതികൾക്കും  കോവിഡ‌് നിരീക്ഷണത്തിൽ കഴിയുന്നവർക്കും തുണയാവുകയാണ്‌. രാജ്യത്ത‌് സമ്പൂർണ ലോക്ക‌് ഡൗൺ പ്രഖ്യാപിച്ച വേളയിലാണ‌് മാർച്ച‌് 28ന‌് നഗരസഭ കുപ്പാടി ഗവ. ഹൈസ‌്കൂളിൽ സമൂഹ അടുക്കള ആരംഭിച്ചത‌്. നഗരം അടഞ്ഞു കിടന്നപ്പോൾ ഭക്ഷണം കിട്ടാതെ ഒറ്റപ്പെട്ടവർക്കും ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകർക്കും മൂന്ന‌് നേരം ഭക്ഷണം ഉറപ്പു വരുത്തുന്നതിനാണ‌് സമൂഹ അടുക്കളക്ക‌് നഗരസഭ തുടക്കമിട്ടത‌്. ദിവസം മൂന്ന‌ു നേരമായി ചോറും കറികളും ചായയും ലഘു ഭക്ഷണവുമാണ‌് സമൂഹ അടുക്കളയിലൂടെ വിതരണം ചെയ‌്തത‌്. നഗരസഭയുടെ തനത‌് ഫണ്ട‌് ഉപയോഗിച്ചാണ‌് സമൂഹ അടുക്കളയുടെ പ്രവർത്തനം മുന്നോട്ട‌് പോകുന്നത‌്. തുടക്കത്തിൽ വിവിധ സംഘടനകളും വ്യക്തികളും അടുക്കളയിലേക്ക‌് ആവശ്യമായ അരിയും പലവ്യഞ്ജനവും മറ്റ‌് സാമഗ്രികളും എത്തിച്ചിരുന്നു. നഗരസഭ കുടുംബശ്രീ സിഡിഎസിന‌് കീഴിലുള്ള മാത കാറ്ററിങ‌് യൂണിറ്റാണ‌് ഭക്ഷണം പാകം ചെയ്യുന്നത‌്. യുവജനക്ഷേമ ബോർഡിൽ രജിസ‌്റ്റർ ചെയ‌്ത സന്നദ്ധം വളണ്ടിയർമാർക്കാണ‌് ഭക്ഷണ വിതരണത്തിന്റെ ചുമതല. ഇതുവരെ 80,000 പൊതി ഭക്ഷണം വിതരണം ചെയ‌്തതായാണ‌് കണക്ക‌്. നിലവിൽ കോവിഡ‌് നിരീക്ഷണത്തിൽ കഴിയുന്നവർക്കാണ‌് സമൂഹ അടുക്കളയിൽനിന്നും  ഭക്ഷണം നൽകുന്നത‌്. നഗരസഭ ചെയർമാൻ ടി എൽ സാബു, ഡെപ്യൂട്ടി ചെയർപേഴ‌്സൺ ജിഷാ ഷാജി, സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ‌്സൺമാരായ സി കെ സഹദേവൻ, ബാബു അബ്ദുറഹിമാൻ, എൽസി പൗലോസ‌്, വത്സ ജോസ‌്, പി കെ സുമതി, യൂത്ത‌് കോർഡിനേറ്റർ ലിജൊ ജോണി തുടങ്ങിയവരാണ‌് നേതൃത്വം നൽകുന്നത‌്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top