23 September Wednesday
24 മണിക്കൂർ 530 മില്ലീമീറ്റർ മഴ

ചൂരൽമലയിൽ റെക്കോർഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കൽപ്പറ്റ
വ്യാഴാഴ്‌ച രാവിലെ 8.30വരെയുള്ള 24 മണിക്കൂറിൽ മേപ്പാടി ചൂരൽമലയിൽ പെയ്‌തത്‌ റെക്കോർഡ്‌‌ മഴ. 530 മില്ലീമീറ്റർ മഴയാണ്‌ പെയ്‌തത്‌. സമീപവർഷങ്ങളിലൊന്നും ജില്ലയിൽ ഒരുപ്രദേശത്ത്‌ ഇത്രയധികം മഴ പെയ്‌തിട്ടില്ല. കഴിഞ്ഞ വർഷം ആഗസ്‌ത്‌ എട്ടിന്‌ പുത്തുമലയിൽ ഉരുൾപ്പൊട്ടലുണ്ടായ ദിവസം ഈ പ്രദേശത്ത്‌ രേഖപ്പെടുത്തിയത്‌ 510 മില്ലീമീറ്റർ മഴയായിരുന്നു. അതിനേക്കാൾ കൂടുതൽ മഴയാണ്‌ ബുധനാഴ്‌ച പകലും രാത്രിയുമായി പെയ്‌തത്‌. തൊട്ടടുത്ത മുണ്ടക്കൈയിൽ 330 മില്ലീമീറ്ററും ഓടത്തോട്‌ 200, ചുളുക്ക 214, കള്ളാടി 195 മില്ലീമീറ്ററും മഴ പെയ്‌തു.
 മഴയിൽ പ്രദേശങ്ങളാകെ ഭീതിയിലായി. ദുരന്തസാധ്യതയുള്ള ഭാഗങ്ങളിൽനിന്നും ആളുകളെ മാറ്റി. ജില്ലാ അധികൃതരും ദുരന്തനിവാരണ സേനയുമെല്ലാം ജാഗ്രത പുലർത്തുകയാണ്‌.  കഴിഞ്ഞ മൂന്ന്‌ ദിവസമായി അതിതീവ്രമഴയാണ്‌ ഈ പ്രദേശങ്ങളില്ലൊം. ചൊവ്വാഴ്‌ച പകലും രാത്രിയുമായി ചൂരൽ മലയിൽ പെയ്‌തത്‌ 370 മില്ലീമീറായിരുന്നു. ഇതിന്‌ തൊട്ടുമുമ്പ്‌ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്‌ 290 മില്ലീമീറ്ററായിരുന്നു. ഈ ദിവസം ഏറ്റവും കൂടുതൽ മഴ പുത്തുമല കള്ളാടിയിലായിരുന്നു. അന്ന്‌ 310 മില്ലീമീറ്റർ മഴയാണ്‌ പെയ്‌ത്‌. 
മേപ്പാടി എരുമക്കൊല്ലിയിൽ വ്യാഴാഴ്‌ച രാവിലെ 8.30വരെയുള്ള 24 മണിക്കൂറിൽ 251 മില്ലിമീറ്റർ മഴ പെയ്‌തു. പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി, ചുണ്ടേൽ,  മാനന്തവാടി, പേര്യ, തിരുനെല്ലി പ്രദേശങ്ങളിലും തീവ്രമഴയാണ്‌. 
അനിതരസാധാരണം
കൽപ്പറ്റ
ഇരുപത്തിനാല്‌ മണിക്കൂറിൽ പെയ്‌ത മഴയുടെ അളവിൽ സംസ്ഥാനത്തുതന്നെ ഏറ്റവും  ഉയർന്ന മഴയാണ്‌ കഴിഞ്ഞ ദിവസം മേപ്പാടി ചൂരൽമലയിൽ പെയ്‌തത്‌. 530 മില്ലീമീറ്റർ മഴ അനിതരസാധരണമാണ്‌. ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനുമെല്ലാം ഇത്‌ വഴിവെക്കും.  കഴിഞ്ഞ തവണ ഉരുൾപ്പൊട്ടിയ പുത്തുമലയിലും സമീപപ്രദേശങ്ങളിലും അതിതീവ്രമഴയാണ്‌ പെയ്യുന്നത്‌. തുടർച്ചയായിയുള്ള ഈ മഴ  അപകടകരമാണ്‌. പ്രദേശവാസികളും അധികൃതരും അതീവ ജാഗ്രത പുലർത്തണം.
                                                  പി യുദാസ്‌ 
ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top