28 May Thursday
പച്ചക്കറി കർഷകർക്ക്‌ ആശ്വാസം

സഹകരണ സംഘങ്ങൾ വഴിയും സംഭരണം

സ്വന്തം ലേഖികUpdated: Tuesday Apr 7, 2020

ബത്തേരി അമ്മായിപ്പാലത്ത്‌ കർഷകരിൽ നിന്നും ശേഖരിച്ച ഉൽപ്പന്നങ്ങൾ

കൽപ്പറ്റ
കോവിഡിൽ കുടുങ്ങിയ പച്ചക്കറി കർഷകരെ സഹായിക്കാൻ കൃഷി വകുപ്പ്‌ നടത്തിയ സംഭരണം ഫലപ്രദം.  ഇതിനകം 250 ടൺ പച്ചക്കറിയും  200 ടൺ നേന്ത്രക്കായയും  സംഭരിച്ചതായി കൃഷി വകുപ്പ്‌  മാർക്കറ്റിങ് അസി. ഡയരക്ടർ  അജയ്‌ അലക്‌സ്‌ പറഞ്ഞു.  വിപണിയിലെ സർക്കാർ   ഇടപെടൽ കർഷകർക്ക്‌ മാത്രമല്ല ഉപഭോക്താക്കൾക്കും പ്രയോജനകരമായി. കർഷകർക്ക്‌ അവരുടെ അധ്വാനത്തിന്റെ ഫലം ലഭിച്ചപ്പോൾ  അവശ്യവസ്‌തു ദൗർലഭ്യത്തിന്റെ പേരിൽ പൊതുമാർക്കറ്റിലെ കൊള്ളക്ക്‌  തടയിടാനും സംഭരണം വഴിയൊരുക്കി.    തിങ്കളാഴ്‌ച മുതൽ സഹകരണസംഘങ്ങൾ വഴിയും   സംഭരണം തുടങ്ങി. ഇതോടെ ജില്ലയിലെ പച്ചക്കറി കർഷകരുടെ കണ്ണിരാണ്‌  സർക്കാർ  പൂർണമായും ഒപ്പിയത്‌.  
 കൃഷി വകുപ്പിന്‌ കീഴിലുള്ള ഗ്രാമീണകാർഷിക മൊത്തവ്യാപാര മാർക്കറ്റ്‌ വഴിയാണ്‌ പച്ചക്കറികൾ സംഭരിക്കുന്നത്‌. ബത്തേരി അമ്മായിപ്പാലത്താണ്‌  പ്രധാന സംഭരണ കേന്ദ്രം. മാനന്തവാടിയിലും   തവിഞ്ഞാൽ  സർവീസ്‌ സഹകരണ  ബാങ്കിന്റെ സഹകരണത്തോടെ പേര്യയിലും ഓരോ  ഉപകേന്ദ്രങ്ങളുമുണ്ട്‌. ഇത്‌ കൂടാതെ കൽപ്പറ്റ എൻഎംഡിസി കേന്ദ്രീകരിച്ചും പച്ചക്കറി സംഭരണം തുടങ്ങിയിട്ടുണ്ട്‌.  തിങ്കൾ ബത്തേരി,  വ്യാഴം കൽപ്പറ്റ, ഞായർ മാനന്തവാടി, പേര്യ എന്നീ കേന്ദ്രങ്ങളിലാണ്‌ പച്ചക്കറി സംഭരരണം.   വെജിറ്റബിൾ ആന്റ്‌ ഫ്രുട്ട്‌ പ്രമോഷൻ കൗൺസിലും ഹോർടികോർപ്പും പച്ചക്കറി സംഭരിക്കുന്നുണ്ട്‌. 50.5 ടൺ പച്ചക്കറികളും 30.6 ടൺ നേന്ത്രക്കായയുമാണ്‌  വിഎഫ്‌പിസികെ സംഭരിച്ചത്‌. കയ്‌പ്പ, നേന്ത്രക്കായ, പയർ, ചേന തുടങ്ങിയവയാണ്‌ വയനാട്ടിൽ പ്രധാനമായും കൃഷി ചെയ്യുന്നത്‌.ശേഖരിക്കുന്ന പച്ചക്കറികൾ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും എത്തിക്കുന്നുണ്ട്‌. സർക്കാർ നിർദേശമനുസരിച്ച്‌ പൊതുമാർക്കറ്റ്‌ വഴി 164 ടൺ പച്ചക്കറികളും  141 ടൺ നേന്ത്രവാഴയും സംഭരിച്ചതായി അജയ്‌അലക്‌സ്‌ പറഞ്ഞു. ജില്ലയിലെ 13 ഇക്കോഷോപ്പുകൾ വഴിയും പച്ചക്കറി സംഭരിച്ച്‌ വരുന്നു.

 

പ്രധാന വാർത്തകൾ
 Top