ദുരന്തബാധിതരോട് കേന്ദ്രാവഗണന ഉജ്വല പ്രതിഷേധം
കൽപ്പറ്റ
മുണ്ടക്കൈ –-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ ക്രൂരതക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കൽപ്പറ്റയിൽ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തി. രാജ്‌ഭവൻ മാർച്ച് ഉൾപ്പെടെ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൽ ജില്ലയിലും പ്രതിഷേധം ജ്വലിച്ചു. നൂറുകണക്കിനുപേർ പങ്കാളികളായി. സമരം കേരളത്തിന്റെയാകെ ശബ്ദമായി.
കേരളത്തോടുള്ള രാഷ്‌ട്രീയ പകപോക്കലിന് ദുരന്തബാധിതരെയും ഇരകളാക്കുന്ന ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും സമീപനം തുറന്നുകാട്ടപ്പെട്ടു. ദുരന്തത്തിനിരയായ ജനത സഹായത്തിനായി സമരം ചെയ്യേണ്ടിവരുന്ന അസാധാരണ സാഹചര്യം നേതാക്കൾ വിവരിച്ചു. മുന്നൂറോളം പേർ മരിച്ച ഉരുൾപൊട്ടൽ നാലുമാസം പിന്നിട്ടിട്ടും നയാപൈസ സഹായം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഹർത്താലുൾപ്പെടെ നടത്തി വയനാട് പ്രതിഷേധിച്ചിട്ടും കണ്ണുതുറന്നില്ല. മറ്റു സംസ്ഥാനങ്ങൾക്ക് മുൻകൂറായിപ്പോലും പണം നൽകിയപ്പോഴും കേരളത്തെ അവഗണിച്ചു. ഈ വിവേചനത്തിനെതിരെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം അണപൊട്ടിയത്. തിരുവനന്തപുരത്ത് രാജ്‌ഭവൻ മാർച്ച് നടത്തി. വയനാടുൾപ്പെടെയുള്ള മറ്റു മുഴുവൻ ജില്ലകളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ഉജ്വല പ്രതിഷേധം തീർത്തു.
കൽപ്പറ്റയിൽ പോസ്‌റ്റ് ഓഫീസ് ധർണ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ ജെ ദേവസ്യ, കെ കെ ഹംസ, പി വി അജ്‌മൽ, പി ഗഗാറിൻ, ഇ ജെ ബാബു, മുഹമ്മദ് പഞ്ചാര, മുഹമ്മദലി, കുര്യാക്കോസ് മുള്ളൻമാട, കെ പി ശശികുമാർ, വിജയൻ ചെറുകര എന്നിവർ സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.
0 comments