18 October Friday

തലചായ്ക്കാനിടമില്ലാതെ കുടുംബങ്ങൾ

സ്വന്തം ലേഖകൻUpdated: Friday Sep 6, 2019
മുട്ടിൽ
തലചായ്ക്കാൻ ഇടമില്ലാതെ മുട്ടിൽ ഡബ്ലിയുഎംഒ കോളേജിലെ ക്യാമ്പിൽ  കഴിയുകയാണ് മൂന്ന് കുടുംബങ്ങൾ. പാലമംഗലത്തെ പുത്തൻപുരയ്‌ക്കൽ രാജേന്ദ്രൻ, ചാത്തന്നൂർ സുലൈഖ, പുത്തൻ പീടികയിൽ ഇണ്ണിപ്പാത്തു എന്നിവരുടെ കുടുംബങ്ങളാണ്‌ പ്രളയത്തിൽ വീടുതകർന്നതിനെ തുടർന്ന്‌ ക്യാമ്പിലുള്ളത്‌.   25 ദിവസമായി ഇവരിവിടെ കഴിയുന്നു.  പ്രളയത്തിൽ മൂന്നുകുടുംബങ്ങളുടെയും വീടുകൾ വാസയോഗ്യമല്ലാതെയായി. രാജേന്ദ്രനും ഭാര്യയും വർഷങ്ങളായി താമസിച്ചു വന്നിരുന്ന പ്ലാസ്റ്റിക് കുടിലാണ് വെള്ളം കയറി തകർന്നത് . വീട്ടു സാധങ്ങളെല്ലാം നശിച്ചു.  പുഴയുടെ സമീപത്തെ വീടായതുകൊണ്ട് കനത്തമഴയിൽ  വെള്ളം കയറാറുണ്ട്. കൂലിപ്പണിയാണ് വരുമാന മാർഗം. മഴക്കാലമായതുകൊണ്ട് പണിയും കുറവാണ്. പ്രളയ സമയത്ത് കിട്ടിയ രണ്ട് കിറ്റുകൾ കൊണ്ടാണ് ഇതുവരെ കഴിഞ്ഞുകൂടിയത്. കുടിശ്ശികയുള്ളതിനാൽ ഭക്ഷണ സാധനങ്ങളും മറ്റും കടം വാങ്ങാൻ പറ്റുന്നുമില്ല. ക്യാമ്പിൽ താമസിച്ചിട്ടും ഇവരുടെ പേര്‌ ആനുകൂല്യങ്ങൾക്കുള്ള  സർക്കാർ ലിസ്‌റ്റിൽ വന്നിട്ടില്ല.   എഴുത്തും വായനയും അറിയാത്തതിനാൽ രജിസ്‌ട്രർ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ്‌ രാജേന്ദ്രൻ പറയുന്നത്‌. ലിസ്‌റ്റിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സി കെ ശശീന്ദ്രൻ എംഎൽഎയ്‌ക്ക്‌ രാജേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്‌. പത്ത് വർഷമായി രാജേന്ദ്രനും ഭാര്യയും മുട്ടിൽ പഞ്ചായത്തിലെ പാലമംഗലത്ത് അഞ്ച് സെന്റ് ഭൂമിയിൽ മരക്കാലിൽ കെട്ടിയ കുടിലിലാണ് താമസിച്ചു വരുന്നത്.  സമാന സ്ഥിതിയാണ് താഴെമുട്ടിൽ അടുവാടിവയലിൽ താമസിക്കുന്ന ചാത്തന്നൂർ വീട്ടിൽ സുലൈഖയ്ക്കും  പുത്തൻപീടികയിൽ ഇണ്ണി പാത്തുവിനും. രണ്ടു പേരുടേയും വീടുകൾ തകർന്നു. സാധനങ്ങൾ നശിച്ചു. സുലൈഖ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 63 വയസ്സായ ഇണ്ണി പാത്തുവിന്റെകൂടെ മകളും കൊച്ചു മക്കളും ഉണ്ട്. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണ് ഇവർ. താമസം ക്യാമ്പിലാണെങ്കിലും മറ്റാരിടത്ത്  വെച്ച് ഭക്ഷണം പാകം ചെയ്താണ്  ക്യാമ്പിലേക്ക് കൊണ്ടുവരുന്നത്. വീട്ടുപകരണങ്ങളെല്ലാം നശിച്ചതിനാൽ അയൽവാസികളാണ് ഭക്ഷണം പാകം ചെയാനുള്ള പാത്രങ്ങളൊക്കെ നൽകിയത്‌. സമാധാനത്തോടു കൂടെ തലചായ്ക്കാൻ കെട്ടുറുപ്പുള്ള ഒരു വീട് വേണമെന്നാണ് ഇവരുടെ ആഗ്രഹം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top