കൽപ്പറ്റ
സ്വാതന്ത്ര്യദിനത്തിന്റെ 75–-ാം വാർഷികം സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ ജീവത്യാഗംചെയ്ത തലയ്ക്കൽ ചന്തുവിന്റെ ധീര രക്തസാക്ഷിത്വത്തിന്റെ 217–-ാം ആണ്ടുകൂടിയാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിക്കുന്നതിനും 50 വർഷംമുമ്പ് ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിമരിച്ച ചന്തു ഇന്നും ജ്വലിക്കുന്ന ഓർമയാണ്. വധശിക്ഷ നടപ്പാക്കിയ പനമരത്തെ കോളിമര ചുവടും സെെനിക ക്യാമ്പിന്റെ അവശിഷ്ടവും ചരിത്രവിദ്യാർഥികൾക്ക് പാഠങ്ങളാണ് .
വെെദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ വയനാടിന്റെ വിലപ്പെട്ട സംഭാവനയാണ് തലയ്ക്കൽ ചന്തുവെന്ന കുറിച്യയുവാവ്. ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാർ പുതിയ നികുതി ചുമത്തിയതോടെയാണ് ബ്രിട്ടീഷ് വിരുദ്ധവികാരം വയനാട്ടിൽ ആരംഭിക്കുന്നത്. നികുതിപിരിക്കാൻ വന്ന കമ്പനിയുടെ ശിപായി കുറിച്യസമുദായത്തിൽപ്പെട്ട ഒരാളോട് നെല്ല് ചോദിച്ചു. ഇതേ തുടർന്നുള്ള തർക്കത്തിൽ എടച്ചേന കുങ്കൻ ശിപായിയെ കൊന്നു. ഈ സംഭവത്തോടെയാണ് തലയ്‌ക്കൽ ചന്തു കുങ്കനുമായും പിന്നീട് പഴശ്ശിരാജാവുമായും അടുക്കുന്നതെന്ന് ചരിത്ര രേഖകൾ പറയുന്നു.
പനമരം പുഴയോട് ചേർന്നായിരുന്നു ബ്രിട്ടീഷുകാരുടെ ക്യാമ്പ്. 1802 ഒക്ടോബർ 11ന് ഈ ക്യാമ്പ് എടച്ചേന കുങ്കന്റെയും തലയ്ക്കൽ ചന്തുവിന്റെയും നേതൃത്വത്തിൽ ആക്രമിച്ചു. നിരവധി ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു. 112 തോക്ക്, ആറ് വെടിക്കോപ്പ്, 6000 രൂപ തുടങ്ങിയവ തട്ടിയെടുത്തു. ചന്തുവിന്റെ കൂടെയുള്ള അഞ്ചുപേർക്കും ജീവൻ നഷ്ടമായി. 11 പേർക്ക് പരിക്കുപറ്റി. ഈ സംഭവത്തിന് മൂന്ന് വർഷത്തിന് ശേഷം 1805ലാണ് ചന്തുവിനെ ബ്രിട്ടീഷ് സൈന്യം പിടികൂടുന്നത്. തുടർന്ന് പനമരത്തെ ക്യാമ്പിൽ എത്തിച്ചു. നവംബർ 15ന് കോളിമരച്ചുവട്ടിൽവച്ച് വധിച്ചു.
ചന്തുവിന്റെ രക്തസാക്ഷിത്വത്തിന് സാക്ഷിയായ ആ കോളിമരം നൂറ്റാണ്ടുകൾക്കിപ്പുറവും നിലകൊള്ളുന്നു.
ഇന്നത്തെ പനമരം ഗവ. ഹയർസെക്കൻഡറിക്ക് സമീപമായിരുന്നു ബ്രിട്ടീഷ് സെെന്യത്തിന്റെ ക്യാമ്പ്. തൊട്ടടുത്ത് കോളിമരവും. കോളിമരം സന്ദർശിക്കാൻ ധാരാളംപേർ എത്തും. ഇവിടെ സർക്കാർ തലയ്‌ക്കൽ ചന്തു സ്‌മാരക മ്യൂസിയവും നിർമിച്ചിട്ടുണ്ട്. ഒന്നാം സ്വാതന്ത്ര്യസമരത്തിനുംമുമ്പ് ബ്രിട്ടീഷുകാരെ തൂത്തെറിയാൻ ജീവത്യാഗംചെയ്ത ഈ പോരാളിക്ക് അർഹമായ പ്രാധാന്യം ചരിത്രത്തിൽ ലഭിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..