07 July Tuesday
ജാഗ്രത കൈവിടരുത്‌

രോഗികൾ ഏറുന്നു; 3 പേർക്ക്‌കൂടി കോവിഡ്‌

സ്വന്തം ലേഖകൻUpdated: Saturday Jun 6, 2020
കൽപ്പറ്റ
ജില്ലയിൽ മൂന്നു‌‌പേർക്ക്‌ കൂടി കോവിഡ്‌. കർണാടകയിൽനിന്നും വന്ന രണ്ടുപേർക്കും  വിദേശത്തുനിന്നും വന്ന ഒരാൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കർണാടകയിൽനിന്നും വന്ന്‌ ക്വാറന്റൈനിൽ കഴിയുകയായിരുന്ന അഞ്ചുകുന്ന്‌ സ്വദേശിയായ യുവാവ്‌(25), കാരക്കാമല സ്വദേശി(44), കോവിഡ്‌ ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ച കൽപ്പറ്റ സ്വദേശിനി ആമിനയുടെ അറുപത്തിമൂന്നുകാരനായ ഭർത്താവ്‌ എന്നിവർക്കാണ്‌ വെള്ളിയാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. മൂവരും  ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്‌.   അറുപത്തിമൂന്നുകാരൻ മെയ് 20ന് ദുബായില്‍നിന്നും കേരളത്തിലെത്തിയതാണ്‌. അഞ്ചുകുന്ന്‌, കാരക്കാമല സ്വദേശികൾ മെയ്‌ 28ന്‌ മൈസൂരുവിൽനിന്നും മുത്തങ്ങ ചെക്ക്‌പോസ്‌റ്റ്‌ വഴിയാണ്‌ ജില്ലയിലെത്തിയത്‌.
മൂന്ന്‌പേർക്ക്‌കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ്‌ ബാധിതരുടെ എണ്ണം നാൽപ്പത്തിമൂന്നായി. 16 പേർ‌  ജില്ലാ ആശുപത്രയിലും രണ്ടുപേർ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുമാണ്‌ ചികിത്സയിലുള്ളത്‌. രോഗികളുടെ എണ്ണം ഏറുന്നത്‌ ആശങ്കയുർത്തുകയാണ്‌. ജില്ലയുടെ ഏതാണ്ട്‌ എല്ലാഭാഗങ്ങളിലും കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌തു. പ്രധാന നഗരമായ ബത്തേരി അടഞ്ഞുകിടക്കുകയാണ്‌. മാനന്തവാടി ദിവസങ്ങൾക്ക്‌ മുമ്പാണ്‌ കണ്ടെയ്‌ൻമെന്റിൽനിന്നും ഒഴിവായത്‌. അതീവജാഗ്രത പുലർത്തണമെന്ന്‌ അധികൃതർ നിദേശിക്കുമ്പോഴും  നഗരങ്ങളിലും ചെറുടൗണുകളിലും തിരക്കേറുകയാണ്‌. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു. ഓരോരുത്തരും സ്വയം വളണ്ടിയർമാരാകണം. 
വെള്ളിയാഴ്‌ച 394 പേര്‍ നിരീക്ഷണത്തിലായി. ഇതൊടെ നിരീക്ഷണത്തിലുള്ളവർ  3835 ആയി.  25 പേര്‍  ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്‌.  ആദിവാസി വിഭാഗത്തിൽ നിന്നുള്ള 823 പേരുൾപ്പെടെ 1846 പേര്‍  കോവിഡ് കെയര്‍ സെന്ററുകളിലുണ്ട്. 248 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
പരിശോധനയ്ക്ക് അയച്ച 2111  സാമ്പിളുകളില്‍ 1732 ഫലം ലഭിച്ചു.  1698 എണ്ണം നെഗറ്റീവായി. 374 ഫലം ലഭിക്കാനുണ്ട്. സമൂഹ വ്യാപനം‌ പരിശോധിക്കാനെടുത്ത  2419 സാമ്പിളുകളിൽ  1877 ഫലം ലഭിച്ചു.  1871  നെഗറ്റീവാണ്. 542 എണ്ണം ലഭിക്കാനുണ്ട്.
ചെക്ക് പോസ്റ്റുകളില്‍ 2918 വാഹനങ്ങളിലായി എത്തിയ 5612 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കി.  നിരീക്ഷണത്തില്‍ കഴിയുന്ന 192 പേര്‍ക്ക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങ്‌ നല്‍കി.  129 പേർക്ക്‌  സാന്ത്വന പരിചരണവും നൽകി.
പ്രധാന വാർത്തകൾ
 Top