02 July Thursday

ബംഗാളിൽനിന്നുള്ള 1501 അതിഥി തൊഴിലാളികൾ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

നാട്ടിലേക്ക്‌ മടങ്ങുന്ന അതിഥി തൊഴിലാളികളെ ഒ ആർ കേളു എംഎൽഎ പൂച്ചെണ്ട്‌ നൽകി യാത്രയാക്കുന്നു

കൽപ്പറ്റ
ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുടെ‌ മടക്കം തുടരുന്നു. പശ്ചിമ ബംഗാളിൽനിന്നുള്ള 1501 തൊഴിലാളികൾ‌ വെള്ളിയാഴ്‌ച ചുരമിറങ്ങി‌. ‌കോഴിക്കോട്‌നിന്നും പ്രത്യേക ട്രെയിനിലാണ്‌ ഇവർ മടങ്ങിയത്‌.  ജില്ലയിൽനിന്നും ബംഗാളിലേക്കുള്ള ആദ്യസംഘമാണിത്‌.  സ്വദേശത്തേക്ക്‌  മടങ്ങാൻ  രജിസ്റ്റർ ചെയ്‌ത അതിഥി തൊഴിലാളികളിൽ കൂടുതൽപേരും ബംഗാളിൽനിന്നുള്ളവരാണ്‌.  അയ്യായിരത്തോളം  പേരാണ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. റെയിൽവേ ബംഗാളിലേക്ക്‌ ട്രെയിൻ അനുവദിക്കാതിരുന്നതാണ്‌ ഇവരുടെ മടക്കം വൈകിയത്‌. അനുവദിച്ച ആദ്യട്രെയിനിൽ പോകാൻ തൊഴിലാളികളുടെ തിരക്കായിരുന്നു. 
തദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലാളികളെ വെള്ളിയാഴ്‌ച രാവിലെ കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത്‌ എത്തിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും നോഡൽ ഓഫീസറുമായ പി എം ഷൈജു, ജില്ലാ ലേബർ ഓഫീസർ കെ സുരേഷ്,  എന്നിവരുടെ നേതൃത്വത്തിൽ രേഖകൾ പരിശോധിച്ചു. ആരോഗ്യ പ്രവർത്തകരുടെ പരിശോധനകൾക്ക്‌ ശേഷം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകി.  ആവശ്യമായ ഭക്ഷണവും വെള്ളവും നൽകിയാണ്  യാത്രയാക്കിയത്‌. വൈകിട്ട്‌ നാലിനായിരുന്നു ട്രെയിൻ. 
ജില്ലയിൽനിന്നുള്ള അതിഥി തൊഴിലാളികളുടെ ഏഴാമത്തെ സംഘമാണ്‌  മടങ്ങിയത്‌. ഇതുവരെ 2173  തൊഴിലാളികളാണ്‌ അവരവരുടെ സംസ്ഥാനങ്ങളിലേക്ക്‌ പോയത്‌. മെയ്‌ 15 മുതലാണ്‌  തൊഴിലാളികളെ  നാടുകളിലേക്ക്‌ പറഞ്ഞയക്കാൻ തുടങ്ങിയത്‌.
രാജസ്ഥാൻ, ജാർഖണ്ഡ്‌  സംസ്ഥാനങ്ങളിൽനിന്നുള്ള 802 പേരെയാണ്‌ ആദ്യം യാത്രയാക്കിയത്‌.  മണിപ്പൂർ, സിക്കിം, മിസോറാം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്‌, ത്രിപുര, മേഘാലയ, ഒഡിഷ, ഉത്തർപ്രദേശ്‌  എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളും ഇതിനകം മടങ്ങി‌. ഏഴായിരത്തോളം തൊഴിലാളികളാണ്‌  തിരിച്ചുപോകാനായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top