28 May Thursday

അഭയമേകി നഗരസഭയുടെ അഗതികേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
ബത്തേരി
തെരുവോരത്ത‌് അന്തിയുറങ്ങിയവർക്ക‌് സാന്ത്വനവുമായി ബത്തേരിയിൽ  നഗരസഭയുടെ അഭയകേന്ദ്രം. കുപ്പാടി ഗവ. ഹൈസ‌്കൂളിലാണ‌് കഴിഞ്ഞ  10 ദിവസമായി അഗതികൾക്കുള്ള അഭയകേന്ദ്രം പ്രവർത്തിക്കുന്നത‌്.  പകൽ സമയങ്ങളിൽ നഗരത്തിൽ ചെറിയ തൊഴിലുകൾ എടുത്തും ഭിക്ഷയാചിക്കും അതത‌് ദിവസത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്ന വയോധികൾ ഉൾപ്പെടെയുള്ള 55 പേരാണ‌് അഭയകേന്ദ്രത്തിൽ കഴിയുന്നത‌്. ലോക്ക‌് ഡൗണിന്റെ ഭാഗമായി തെരുവിൽ കഴിയുന്നവർക്കും അഗതികൾക്കും ഭക്ഷണം ഉറപ്പു വരുത്തണമെന്ന‌ സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭ കുപ്പാടി ഹൈസ‌്കൂളിൽ സമൂഹ അടുക്കള ആരംഭിച്ചിരുന്നു. സമൂഹ അടുക്കള പ്രവർത്തിക്കുന്ന സ‌്കൂളിലെ ക്ലാസ‌് മുറികളിലും ഹാളിലുമായാണ‌് അഗതികളുടെ അഭയകേന്ദ്രവും. ടൗണിലും പരിസരത്തും രാത്രി കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന ഇവരെ നഗരസഭ അധികൃതരും പൊലീസും ചേർന്നാണ‌് പ്രത്യേകം വാഹനങ്ങളിൽ അഭയകേന്ദ്രത്തിൽ കൊണ്ടുവന്നത‌്.   ഉടുത്തിരുന്ന പഴയ വസ‌്ത്രങ്ങൾക്ക‌് പകരം പുതിയ വസ‌്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ‌് താമസത്തി‌ന‌് സൗകര്യം ഒരുക്കിയ ക്ലാസ‌് മുറികളിൽ പ്രവേശിപ്പിച്ചത‌്. ഓരോ ക്ലാസ‌് മുറിയിലും നാലു പേർ വീതമാണ‌് കഴിയുന്നത‌്. പകൽ സമയങ്ങളിൽ സ‌്കൂൾ വരാന്തയിൽ വിശ്രമിക്കുന്നതിന‌് ഓരോ മീറ്റർ ഇടവിട്ട‌് ഇവർക്ക‌് ഇരിപ്പിടങ്ങളുമുണ്ട‌്. ദിവസവും രണ്ട‌് നേരങ്ങളിലായി ചോറും കറികളും മൂന്ന‌് നേരം ചായയും പലഹാരവും സൗജന്യമായി നഗരസഭ നൽകുന്നു. ആരോഗ്യനില വിലയിരുത്തുന്നതിന‌് മെഡിക്കൽ  സംഘത്തിന്റെ സേവനവുമുണ്ട‌്. മലയാളികൾക്ക‌് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ക്യാമ്പിലുണ്ട‌്. ലോക്ക‌്ഡൗൺ കഴിയുന്നത‌് വരെ ഉദാരമതികളുടെയും സന്നദ്ധ വളണ്ടിയർമാരുടെയും സഹായ സഹകരണങ്ങളോടെ ക്യാമ്പ‌് തുടരാനാണ‌് നഗരസഭയുടെ തീരുമാനം.
പ്രധാന വാർത്തകൾ
 Top