27 September Wednesday

ബീനാച്ചി–- പനമരം റോഡ്‌പണി വീണ്ടും തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

 

ബത്തേരി
  മാനന്തവാടിയെയും ബത്തേരിയെയും ബന്ധിപ്പിക്കുന്ന ബീനാച്ചി–-പനമരം റോഡിന്റെ നിർമാണ പ്രവൃത്തി പുനരാരംഭിച്ചു.  കിഫ്‌ബിയിൽനിന്നും റോഡ്‌ നിർമാണത്തിന്‌ 55 കോടി അനുവദിച്ച്‌ മൂന്ന്‌ വർഷം മുമ്പ്‌ ടെൻഡർ നടപടി പൂർത്തീകരിച്ച്‌ തമിഴ്‌നാട്‌ ആസ്ഥാനമായ കമ്പനി മുമ്പുണ്ടായിരുന്ന റോഡ്‌ കുത്തിപ്പൊളിച്ചിട്ട്‌ പുതിയ റോഡിന്റെ നിർമാണ പ്രവൃത്തി തുടങ്ങിയെങ്കിലും ആവശ്യമായ യന്ത്രസാമഗ്രികളും തൊഴിലാളികളും ഇല്ലാത്തതിനാൽ നിർമാണ പ്രവൃത്തികൾ മന്ദഗതിയിലാണ്‌ നടന്നുവന്നത്‌.  ഇതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ദുസ്സഹമായി. റോഡ്‌ നിർമാണത്തിലെ അനാസ്ഥക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലുമായി. കരാറുകാരനുമായി ഒത്തുകളിച്ച ബത്തേരി മണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്‌ണനെതിരെയും ശക്തമായ പ്രതിഷേധമുണ്ടായി. രണ്ട്‌ മാസം മുമ്പ്‌ ജില്ലയിലെത്തിയ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ ശ്രദ്ധയിൽ സിപിഐ എം നേതാക്കൾ പ്രശ്‌നം എത്തിച്ചതോടെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി കരാറുകാർക്ക്‌ കർശന നിർദേശം നൽകിയതോടെയാണ്‌ ഇഴഞ്ഞുനീങ്ങിയ നിർമാണ പ്രവൃത്തികൾ വേഗത്തിലായത്‌. കഴിഞ്ഞ ഒക്ടോബറിൽ നിർമാണം പുരോഗമിക്കുന്നതിനിടെയാണ്‌ മഴ ശക്തമായത്‌. ഇതോടെ വീണ്ടും മന്ദഗതിയിലായ നിർമാണം മഴ കുറഞ്ഞതോടെയാണ്‌ കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്‌. നിർമാണം വീണ്ടും തുടങ്ങിയത്‌ മന്ത്രിതന്നെയാണ്‌ ഫെയ്‌സ്‌ ബുക്കിലൂടെ അറിയിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top