25 January Saturday
സമ്പൂർണ ഹൈടെക്‌ പ്രഖ്യാപനം ജനുവരിയിൽ

ക്ലാസും ലാബും സ്‌മാർട്ട്‌; പഠനം ഹൈടെക്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

പിണങ്ങോട്‌ ഡബ്ല്യുഒഎച്ച്‌എസ്‌എസിലെ ഹൈടെക്‌ ക്ലാസ്‌ മുറി

കൽപ്പറ്റ
ജില്ലയിൽ ഹൈടെക്‌ സ്‌കൂൾ, ഹൈടെക്‌ ലാബ്‌ പദ്ധതികൾ പൂർത്തീകരണത്തിലേക്ക്‌. ജനുവരിയിൽ  ജില്ലാതല  പ്രഖ്യാപനം നടത്തുമെന്ന്‌ കൈറ്റ്‌സ്‌ അധികൃതർ അറിയിച്ചു. കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) മുഖേനയാണ്‌ പദ്ധതികൾ നടപ്പാക്കുന്നത്‌. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ എട്ട്‌ മുതൽ പ്ലസ്‌ ടുവരെയുള്ള മുഴുവൻ ക്ലാസ്‌ മുറികളും ജനുവരിയോടെ ഹൈടെക്കാവും.  2018 ജനുവരിയിലാണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. 107 സർക്കാർ വിദ്യാലയങ്ങളും 48 എയിഡഡ്‌ സ്‌കൂളുകളും  ഇതിനകം ഹൈടെക്കായി.  യുപി സ്‌കൂളുകളിൽ ഹൈടെക്‌ ലാബ്‌ സ്ഥാപിക്കുന്ന പദ്ധതി കഴിഞ്ഞ ജൂലൈയിലാണ്‌ തുടങ്ങിയത്‌. 263 സ്‌കൂളുകളിൽ ലാബിലേക്ക്‌വേണ്ട ഉപകരണങ്ങളുടെ വിതരണം പൂർത്തിയായി. 
ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ, എയിഡഡ് സ്കൂളുകളിൽ ഇതുവരെ 3567 ലാപ്‍ടോപ്പുകൾ, 3028 യുഎസ്ബി സ്‌പീക്കറുകൾ, 2079 പ്രൊജക്ടറുകൾ, 1325 മൗണ്ടിങ് കിറ്റുകൾ, 864 സ്ക്രീനുകളും വിന്യസിച്ചു. 146 എൽഇഡി ടെലിവിഷൻ, 155 മൾട്ടിഫങ്ഷൻ പ്രിന്ററുകൾ, 155 ഡിഎസ്എൽആർ ക്യാമറ, 155എച്ച്ഡി വെബ്ക്യാം എന്നിവയും നൽകി. അധ്യപകർക്ക്‌ പ്രത്യേക ഐടി പരിശീലനം നൽകി. പാഠഭാഗങ്ങൾ ക്ലാസ്‍മുറിയിൽ ഡിജിറ്റൽ സംവിധാനമുപയോഗിച്ച് വിനിമയം നടത്താനായി ‘സമഗ്ര' പോർട്ടൽ സജ്ജമാക്കി. കുട്ടികളുടെ ഏറ്റവുംവലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്' വഴി  74 വിദ്യാലയങ്ങളിൽ ഹൈടെക് സ്കൂൾ പ്രവർത്തനങ്ങൾ സജീവമാണ്‌. എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷ വാറണ്ടിയും ഇൻഷൂറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.  സ്കൂൾ, തദ്ദേശസ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.സ്കൂൾ, തദ്ദേശ   സ്ഥാപനം, നിയമസഭ, -പാർലമെന്റ് മണ്ഡലങ്ങൾ, ജില്ല എന്നീ അടിസ്ഥാനത്തിൽ  ഹൈടെക് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുള്ള സ്കൂളുകളുടെ മുഴുവൻ വിശദാംശങ്ങളും ‘സമേതം' പോർട്ടലിൽ (www.sametham.kite.kerala.gov.in)  ലഭ്യമാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top