17 January Sunday
പുത്തുമലയിൽ പുതുജീവിതം

മാതൃകാ വില്ലേജിന്‌ 24ന്‌ തറക്കല്ലിടും

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019
 
കൽപ്പറ്റ
പുത്തുമല ദുരന്തബാധിതർക്കായി മാതൃകാ വില്ലേജ് ഒരുങ്ങും. മേപ്പാടി കള്ളാടി വാഴക്കാല എസ്‌റ്റേറ്റിലെ എട്ട് ഏക്കറിലാണ്‌  വില്ലേജ് നിർമിക്കുക. 24ന് പദ്ധതിക്ക് തറക്കല്ലിടും. 12 കോടി ചെലവിൽ ആധുനിക രീതിയിൽ പ്രകൃതി സൗഹൃദമായാണ് നിർമാണം.  60 വീടുകൾ  നിർമിക്കും. 15 വീടുകളടങ്ങിയ നാല് ബ്ലോക്കുകളായിരിക്കും. ഓരോ ബ്ലോക്കിലും താമസക്കാർക്ക് ഉപയോഗപ്പെടുത്താൻ  പ്രത്യേകം സ്ഥലം  ഒഴിച്ചിടും. പ്രധാന റോഡിന് പുറമേ  വീടുകൾ ബന്ധപ്പെടുത്തി റിങ് റോഡും ഉണ്ടാകും. കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം, കുടിവെളള സൗകര്യം, മഴവെള്ള സംഭരണി തുടങ്ങിയവയുമുണ്ടാകും.
പ്രകൃതി വിഭവങ്ങളുടെ ഉപയോഗം കുറച്ചായിരിക്കും നിർമാണം. ആദ്യഘട്ടത്തിൽ 56 വീടുകളാണ് നിർമിക്കുക. മഴക്കാലത്തിന് മുമ്പേ പദ്ധതി പൂർത്തിയാക്കും.  650 സ്‌ക്വയർ ഫീറ്റ്‌ ഒറ്റനില വീടിന് രണ്ട് കിടപ്പ് മുറി, അടുക്കള,  സ്വീകരണമുറി, ടോയിലറ്റ് സൗകര്യങ്ങളുണ്ടാകും. ഭാവിയിൽ ഇരുനിലയാക്കി മാറ്റാൻ സാധിക്കുന്ന വിധമാണ്‌ രൂപകൽപ്പന. 
ഭൂമി കണ്ടെത്തിയത് മാതൃഭൂമിയുടെ നേതൃത്വത്തിലാണ്. ഏഴ് ഏക്കറാണ്‌ വാങ്ങി നൽകിയത്. സ്ഥലം ഉടമ ഉടമ നൗഫൽ അഹമ്മദ് 1.5 ഏക്കർ  സൗജന്യമായി  നൽകി. രജിസ്‌ട്രേഷൻ നടപടികൾ  10നകം പൂർത്തീയാക്കും.
കോഴിക്കോട് ആസ്ഥാനമായ കലാ–-സാംസ്‌ക്കാരിക–-വ്യവസായ പ്രവർത്തകരുടെ കൂട്ടായ്മ കാലിക്കറ്റ് കെയർ ഫൗണ്ടേഷനാണ് വീടുകൾ നിർമിച്ച് നൽകുന്നത്. ഇന്ത്യൻ ആർക്കിടെക്റ്റ് അസോസിയേഷൻ കാലിക്കറ്റ് ചാപ്റ്ററാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ഏഴ്‌ ലക്ഷമാണ്‌ ഒരു വീടിനായി ചെലവിടുക. എൻജിനിയേഴ്‌സ് അസോസിയോഷനും സഹകരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി എംപിമാരായ എളമരം കരീം എം പി വിരേന്ദ്രകുമാർ എന്നിവരുടെ ഫണ്ടും ഉപയോഗപ്പെടുത്തും.
പുത്തുമലയിൽ 120 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടത്. ബാക്കിയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ നൽകും.  പുനരധിവാസവുമായി ബന്ധപ്പെട്ട് സി കെ ശശീന്ദ്രൻ എംഎൽഎയുടെയും കലക്ടർ ഡോ.അദീല അബ്ദുളളയുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്‌.  ആർക്കിടെക്റ്റ് വിനോദ് സിറിയക്ക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.  മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, കാലിക്കറ്റ് കെയർ ഫൗണ്ടേഷൻ ജനറൽ കൺവീനർ എം ജൗഹർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top