മാനന്തവാടി
പ്ലാസ്മ തെറാപ്പി ജില്ലയിൽ വിജയം. പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടി ജിനീഷും രോഗമുക്തനായ സഹോദരൻ അനീഷും വീടുകളിലേക്ക് മടങ്ങി. തൊണ്ടർനാട് സ്വദേശികളായ രണ്ട് പേർക്കും കലക്ടർ അദീല അബ്ദുള്ള പൂച്ചെണ്ടുകൾ നൽകി യാത്രയയച്ചു. ജൂലൈ 18നാണ് കോവിഡ് ബാധിതരായിയ തൊണ്ടർനാട് സ്വദേശികളായ സഹോദരങ്ങൾ ആശുപത്രിയിലെത്തിയത്. ജൂലൈ 22ന് ജിനീഷിന് രോഗം മൂർഛിച്ചപ്പോൾ
പ്ലാസ്മ തെറാപ്പി നടത്തുകയായിരുന്നു. 2 ഡോസ് പ്ലാസ്മ നൽകിയിരുന്നു. പള്ളിക്കുന്ന് സ്വദേശി ഷാജുവിന്റെയും പനവല്ലി സ്വദേശി ബിനുവിന്റെയും പ്ലാസ്മയാണ് നൽകിയത്. പിന്നീട് ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഇതുവരെ 15 പേരുടെ പ്ലാസ്മ എടുത്തതിൽ കൊവിഡ് രോഗികളായ മൂന്ന് പേർക്ക് പ്ലാസ്മ തെറാപ്പി നൽകിക്കഴിഞ്ഞു. തെറാപ്പിയിലൂടെ രോഗമുക്തി നേടിയ ജിനീഷും സഹോദരൻ അനീഷുമാണ് ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയത്. യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കലക്ടർ ഡോ: അഥീല അബ്ദുള്ള മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക, കൊവിഡ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ചന്ദ്രശേഖരൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ദിനേഷ് കുമാർ, പ്ലാസ്മ തൊറാപ്പിക്ക് നേതൃത്വം നൽകിയ ഡോ.സജേഷ്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ബിനിജമെറിൻ ആർഎംഒ സക്കീർ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്കും പ്ലാസ്മ തെറാപ്പിയും ആരംഭിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക രക്ത ബാങ്കുകളിലും എലൈസ സാങ്കേതിക വിദ്യയാണ് നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്, എന്നാൽ മാനന്തവാടി ജില്ലാശുപത്രിയിൽ രക്തം സ്ക്രീൻ ചെയ്യുന്നതിന് ഏറ്റവും നൂതന സാങ്കേതിക വിദ്യയായ എൻ ഹാൻസ്ഡ് കെമിലൂമിനൈസെൻസ് ആണ് ഉപയോഗിക്കുന്നത്. ഇതിനാൽ ഏറ്റവും സുരക്ഷിതമായ രക്തം രോഗികൾക്ക് നൽകാൻ സാധിക്കും, ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കേരളത്തിലെ ഏക ജില്ലാശുപത്രി കൂടിയാണ് മാനന്തവാടി ജില്ലാ ആശുപത്രി. സാധാരണ രണ്ടോമൂന്നോ ആഴ്ചകൊണ്ട് രോഗം സുഖപ്പെടുന്ന സ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ഏഴ് ദിവസത്തിനകം പരിപൂർണ ഫലം ഉണ്ടാവുന്നു എന്ന പ്രത്യേകതയും ഉണ്ട്. വെന്റിലേറ്ററിൽ വരെ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഈ ചികിത്സ നൽകിവരുന്നത്. ഒരുതവണ കോവിഡ് വന്ന രോഗിക്ക് സ്വയം ആന്റിബോഡി രക്തത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. അതുപയോഗിച്ചാണ് ചികിത്സ. നിലവിൽ രാജ്യത്ത് ഐസിഎംആർ തെരഞ്ഞെടുത്ത ആശുപത്രികളിൽ മാത്രമേ ഈ ചികിത്സയുള്ളൂ. .ആദ്യചികിത്സ തന്നെ വിജയമായതിന്റെ സന്തോഷത്തിലാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..