16 January Saturday

മഴകനത്തു; കൂടുതൽ പുത്തുമലയിൽ

സ്വന്തം ലേഖകൻUpdated: Wednesday Aug 5, 2020
 
കൽപ്പറ്റ
ജില്ലയിൽ കാലവർഷം കനക്കുന്നു. ഒപ്പം ആധിയും. കഴിഞ്ഞതവണ ഉരുൾപ്പൊട്ടലുണ്ടയ പുത്തുമല ഭാഗങ്ങളിലാണ്‌ കൂടുതൽ മഴ. രണ്ട്‌ ദിവസമായി തീവ്രമഴയാണ്‌ ഈ മേഖലകളിൽ. അധികൃതർ പ്രദേശവാസികൾക്ക്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു. ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.  
തിങ്കളാഴ്‌ച രാവിലെ എട്ട്‌ മുതൽ ചൊവ്വാഴ്‌ച രാവിലെ എട്ടുവരെയുള്ള കണക്ക്‌ പ്രകാരം പുത്തുമല കള്ളാടിയിലാണ്‌ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌. 310 മില്ലീമീറ്റർ മഴയാണ്‌ ഇവിടെ പെയ്‌തത്‌. തൊട്ടടുത്ത ചൂരൽ മലയിൽ 290 മില്ലീമീറ്റർ മഴ പെയ്‌തു‌. ഇത്‌ സാധാരണയിൽ കവിഞ്ഞുള്ള അളവാണ്‌. ഈ നില തുടർന്നാൽ അപകടമാകും. കഴിഞ്ഞവർഷം ആഗസ്‌ത്‌ എട്ടിനാണ്‌ പുത്തുമലയിൽ ഉരുൾപ്പെട്ടലുണ്ടായത്‌.  ഇത്തവണയും ഈ ദിവസത്തോട്‌ അടുക്കുമ്പോൾ മഴ ശക്തമാകുന്നത്‌ ആഴുകളെ ഭയവിഹ്വലരാക്കുന്നുണ്ട്‌. റവന്യു, പഞ്ചായത്ത്‌ അധികൃതർ ദുരന്ത സാധ്യത കണക്കിലെടുത്തുള്ള  മുന്നൊരുക്കങ്ങൾ തുടങ്ങി. 
മുണ്ടക്കൈ, ചൂരൽമല അട്ടമല, അട്ടമല, മീനാക്ഷി ഭാഗങ്ങളിലും മഴ ശക്തമാണ്‌. പടിഞ്ഞാറത്തറ, പൊഴുതന,  വൈത്തിരി പ്രദേശങ്ങളിലും നന്നായി പെയ്യുന്നുണ്ട്‌. പടിഞ്ഞാറത്തറയിൽ തിങ്കളാഴ്‌ച പകലും രാത്രിയുമായി 159 മില്ലീമീറ്റർ മഴ പെയ്‌തു. വൈത്തിരി താലൂക്കിലാകെ മഴ കനത്തു.   കള്ളാടിയും ചൂരൽമലയും കഴിഞ്ഞാൽ മാനന്തവാടി താലൂക്കിലെ പേര്യയിലാണ്‌ കഴിഞ്ഞ ദിവസം കൂടുതൽ മഴയുണ്ടായത്‌. 167 മില്ലീമിറ്റർറാണ്‌ ഇവിടെ പെയ്‌തത്‌. മാനന്തവാടി, എടവക, തൊണ്ടർനാട്‌, തൃശ്ശിലേരി, പഞ്ചാരക്കൊല്ലി പ്രദേശങ്ങളിലും കനത്ത മഴയുണ്ട്‌. 130–-140 മില്ലീമീറ്റർ മഴ കഴിഞ്ഞദിവസം ഇവിടങ്ങളിലുണ്ടായി. ബത്തേരി താലൂക്കിൽ മഴകുറവാണ്‌. ഇവിടെ അമ്പലവയലിലാണ്‌ കൂടുതൽ‌. തിങ്കളാഴ്‌ച രാവിലെ എട്ട്‌ മുതൽ ചൊവ്വാഴ്‌ച രാവിലെ എട്ട്‌വരെ 35 മില്ലീമീറ്ററായിരുന്നു മഴ. നൂൽപ്പൂഴയിൽ 28ഉം ബത്തേരിയിൽ 19 മില്ലീമിറ്ററും പെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top