04 August Tuesday

വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി: സി കെ ശശീന്ദ്രൻ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
കൽപ്പറ്റ
വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുകൂലമായാൽ ഉടൻ തന്നെ ഡിഎം വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. 
ഡിഎം വിംസ് മെഡിക്കൽ കോളേജ് സർക്കാരിനു കൈമാറുന്നതിന് സന്നദ്ധത അറിയിച്ച്  ജൂൺ അഞ്ചിന് ഡിഎം വിംസ് മാനേജിംഗ് ട്രസ്റ്റി ഡോ.ആസാദ് മൂപ്പൻ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോളേജ് ഏറ്റെടുക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചത്.  
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്. 
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. സജീഷ്, ഡോ.കൃഷ്ണകുമാർ, കൊല്ലം മെഡിക്കൽ കോളേജിലെ ഡോ.അൻസാർ, കെഎംഎസ്‌സിഎൽ ഡെപ്യൂട്ടി മാനേജർ നരേന്ദ്രനാഥ്, ശ്രീകൺഠൻ നായർ, ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ അനില എന്നിവർ അംഗങ്ങളാണ്. മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്.
ആദിവാസികളും തോട്ടം തൊഴിലാളികളും സാധാരണക്കാരും ഭൂരിപക്ഷമുള്ള വയനാട്ടിൽ വിദഗ്ധ ചികിത്സക്കായി മതിയായ സൗകര്യം ഇല്ലാത്ത അവസ്ഥയാണു്ള്ളത്‌. 
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നല്ലൊരു ആരോഗ്യ സംവിധാനം അനിവാര്യമായ സാഹചര്യത്തിൽ കൂടിയാണ്  മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതിന് പഠന റിപ്പോർട്ട് തയ്യാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ മുന്നോട്ടു വന്നിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top