04 August Tuesday

ഡിഎം വിംസ്‌ മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കൽ വിദഗ്‌ധ സമിതി ജില്ലയിലെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
കൽപ്പറ്റ
വയനാട്‌ മെഡിക്കൽകോളേജിനായി മേപ്പാടി ഡിഎം വിംസ്‌  മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ പഠിക്കാൻ സർക്കാർ  നിയോഗിച്ച വിദഗ്‌ധ സമിതി  അടുത്ത ദിവസം ജില്ലയിലെത്തും. ഡിഎം വിംസ്‌  മെഡിക്കൽ കോളേജ്‌ ‌ സർകാരിന്‌ കൈമാറാൻ   സന്നദ്ധ അറിയിച്ച്‌ ഡിഎം എജുക്കേഷൻ ആൻഡ്‌ റിസർച്ച്‌ ഫൗണ്ടേഷൻ മാനേജിംഗ്‌ ട്രസ്‌റ്റി 
ഡോ   ആസാദ്‌ മൂപ്പൻ    ജൂൺ ആറിന്‌    സംസ്ഥാന സർക്കാരിന്‌ കത്ത്‌ നൽകിയിരുന്നു.   ഇതേതുടർന്നാണ്‌  സ്ഥാപനത്തിലെ പശ്‌ചാത്തല സൗകര്യങ്ങളും മറ്റ്‌ വസ്‌തുതകളും സംബന്ധിച്ച്‌  പഠിച്ച്‌ റിപോർട്‌  സമർപ്പിക്കാൻ   തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഏഴംഗ  വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്‌.   തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ  സജീഷ്,  കെ ജി കൃഷ്ണകുമാർ, കൊല്ലം മെഡിക്കൽ കോളേജിലെ ഡോ അൻസാർ, കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ ഡെപ്യൂട്ടി മാനേജർ നരേന്ദ്രനാഥൻ,    ശ്രീകണ്‌ഠൻ നായർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ   അനില എന്നിവരാണ്‌ സമിതി അംഗങ്ങൾ. മൂന്നാഴ്‌ചക്കകം പഠനം നടത്തി റിപോർട്‌ സമർപ്പിക്കാനാണ്‌  സമിതിയോട്‌   സർക്കാർ നിർദേശം. .
  മേപ്പാടി നസീറ നഗറിലാണ്‌  ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ഡി എം വിംസ്‌ മെഡിക്കൽ കോളേജാശുപത്രി.  ട്രസ്‌റ്റ്‌ ഉടമസ്ഥതയിലുളള  50 ഏക്കർ ഭൂമിയും  14.5 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയുള്ള കെട്ടിടങ്ങളും  സർകാരിന്‌ ലഭ്യമാകും.   700 ബെഡുകളും   150 മെഡിക്കൽ  സീറ്റുകളുമുള്ള മെഡിക്കൽകോളേജാശുപത്രി സർക്കാർ ഉടമസ്ഥതയിലേക്ക്‌ മാറുന്നത്‌ വയനാടിനും അതിർത്തി ജില്ലകൾക്കും നേട്ടമാകും‌. ‌ കൂടാതെ  ഫാർമസി കോളേജ്‌, നഴ്‌സിംഗ്‌ കോളേജ്‌, സൂപ്പർസ്‌പെഷാലിറ്റി ചികിത്സ സൗകര്യങ്ങളുള്ള ആസ്‌റ്റർ വയനാട്‌ തുടങ്ങിയ   അനുബന്ധ സ്ഥാപനങ്ങളും  കൈമാറാൻ ട്രസ്‌റ്റ്‌ സന്നദ്ധ അറിയിച്ചിട്ടുണ്ട്‌.
  വയനാട്ടുകാരുടെ ചിരകാല അഭിലാഷമാണ്‌ മെഡിക്കൽ കോളേജ്‌. എൽഡിഎഫ്‌ സർകാർ അധികാരത്തിലെത്തിയ ഉടൻ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നു.  625 കോടി രൂപയാണ്‌ കിഫ്‌ബിയിൽ സർക്കാർ ഇതിനായി നീക്കിവെച്ചത്‌.     ആദ്യം കണ്ടെത്തിയ മടക്കിമലയിലെ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്‌റ്റ്‌ നൽകിയ ഭൂമിയിൽ മെഡിക്കൽകോളേജ്‌ നിർമിക്കാൻ എല്ലാ നടപടികളും പൂർത്തീകരിച്ചിരുന്നു. റോഡും നിർമിച്ചു. എന്നാൽ  ഉരുൾപൊട്ടൽ ഭീഷണിയുള്ള ഈ ഭൂമിയിൽ കെട്ടിടം നിർമിക്കരുതെന്ന്‌ ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയും ദുരന്തനിവാരണഅഥോറിറ്റിയും മുന്നറിയിപ്പ്‌ നൽകി. ഇതോടെ ചേലോട് എസ്‌റ്റേറ്റ്‌ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ്‌ മെഡിക്കൽ കോളേജ്‌ വിട്ട്‌ നൽകാനുള്ള സന്നദ്ധത അറിയിച്ച്‌ ഡോ. ആസാദ്‌ മൂപ്പൻ സർകാരിനെ സമീപിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top