11 December Wednesday

വിവരശേഖരണം നടത്തും

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019
കൽപ്പറ്റ
ജില്ലയിലെ പട്ടികവർഗ വിദ്യാർഥികൾക്ക് ഇടയിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അക്കാദമിക് മികവ് ഉറപ്പുവരുത്തുന്നതിനും കർമപരിപാടികൾ തയ്യാറാക്കും.  15 മുതൽ 27 വരെ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ സ്‌കൂളിനും അനുയോജ്യമായ പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ‌് തയ്യാറാക്കും. നിലവിൽ വിജയമാതൃകകൾ സൃഷ്ടിച്ച വിദ്യാലയങ്ങളുടെ രീതിയും പദ്ധതി തയ്യാറാക്കാൻ പരിഗണിക്കും.  കർമപരിപാടികളുടെ നടത്തിപ്പ് മേൽനോട്ടത്തിനായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങളാവും. പദ്ധതി വിശദീകരിക്കുന്നതിനായി പ്രധാനാധ്യാപകർ ഉൾപ്പെടെയുളള മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുൻകാലങ്ങളിൽ നടത്തിയ വിവിധ പ്രചാരണങ്ങൾ വിജയകരമാണെന്ന‌് യോഗം വിലയിരുത്തി. ക്ലാസിൽ വരാത്ത കുട്ടികളുടെ വിവരങ്ങൾ ഓരോ ദിവസവും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരും. കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ നൽകാനും  തീരുമാനിച്ചു. സബ‌്കലക്ടർ എൻ എസ‌് കെ ഉമേഷ‌് അധ്യക്ഷനായി.  വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് കെ എം സെബാറ്റിയൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജി എൻ ബാബുരാജ്, ഐടിഡിപി പ്രോജക്ട് ഓഫീസർ വാണിദാസ്, അധ്യാപക സംഘടന, എൻവൈകെ, മഹിളസമഖ്യ പ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top