മാനന്തവാടി
ജില്ലാ സ്കൂൾ കലോത്സവം ആറു മുതൽ ഒമ്പത് വരെ മാനന്തവാടി ഉപജില്ലയിലെ കണിയാരത്ത് നടക്കും. കണിയാരം ഫാദർ ജികെഎം ഹയർസെക്കൻഡറി സ്കൂൾ, മാനന്തവാടി സെന്റ് ജോസഫ്സ് ടിടിഐ, കണിയാരം സാൻജോ പബ്ലിക്ക് സ്കൂൾ എന്നിവിടങ്ങളിലാണ് വേദി സജ്ജീകരിക്കുക. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ് സ്കൂളുകളിൽനിന്നുള്ള നാലായിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരയ്ക്കും.
ആറിന് രചനാ മത്സരങ്ങളോടെ കലോത്സവം തുടങ്ങും. ഏഴിന് വൈകിട്ട് നാലിന് കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് പകൽ മൂന്നിനാണ് സമാപന സമ്മേളനം.
മാനന്തവാടി, ബത്തേരി, വൈത്തിരി ഉപജില്ലകളിൽനിന്നുള്ള വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. 14 വേദികളിലായാണ് മത്സരങ്ങൾ. ജില്ലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പേരുകളാണ് വേദിക്ക് നൽകിയിട്ടുള്ളത്. തിങ്കൾ വൈകിട്ട് നാലിന് മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്തുനിന്ന് ഗാന്ധി പാർക്കിലേക്ക് വിളംബര ജാഥ നടത്തും.
ജനറൽ കലോത്സവം, അറബിക് കലോത്സവം, സംസ്കൃത കലോത്സവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ മുന്നൂറിലധികം ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും. ആരോഗ്യ പരിപാലനത്തിന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെയും മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയുടെയും സേവനമുണ്ടാകും.
ഒ ആർ കേളു എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശി പ്രഭ, സ്കൂൾ പ്രിൻസിപ്പൽ എൻ പി മാർട്ടിൻ, ജനപ്രതിനിധികളായ പി വി എസ് മൂസ, പി വി ജോർജ്, മാർഗരറ്റ് തോമസ്, വിപിൻ വേണുഗോപാൽ, നജീബ് മണ്ണാർ, പിടിഎ പ്രസിഡന്റ് മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..