07 February Tuesday

വിൽപ്പനയിൽ സെഞ്ച്വറി തികച്ച്‌ കിടാരി പാർക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
പുൽപ്പള്ളി
അത്യുൽപ്പാദനശേഷിയുള്ള നൂറിലധികം പശുക്കളെ ഇടനിലക്കാരില്ലാതെ കർഷകർക്ക് വിൽപ്പന നടത്തി പുൽപ്പള്ളി ക്ഷീരസംഘം. കഴിഞ്ഞ ഏപ്രിലിലാണ്‌ പുൽപ്പള്ളി ആനപ്പാറയിലെ ശീതീകരണ കേന്ദ്രത്തോട് ചേർന്ന സ്ഥലത്ത് പുൽപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ കിടാരി പാർക്ക് ആരംഭിച്ചത്. കർഷകർക്ക് ഇടനിലക്കാരില്ലാതെ കറവപ്പശുക്കളെ നൽകുന്നതിനാണ്‌ പാർക്ക്‌ ആരംഭിച്ചത്‌. പ്രവർത്തനം തുടങ്ങി ഡിസംബർ മൂന്നുവരെ 121 പശുക്കളെയാണ്‌ കർഷകർക്ക്‌ മിതമായ വിലയ്‌ക്ക്‌ നൽകിയത്‌. 
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽനിന്നാണ് സംഘം ഭാരവാഹികൾ നേരിട്ട് കറവപ്പശുക്കളെയും ഗർഭിണികളായ പശുക്കളെയും കൊണ്ടുവരുന്നത്. രോഗബാധയില്ലെന്ന് ഉറപ്പാക്കാൻ വെറ്ററിനറി ഡോക്ടറുടെ സഹായവും തേടുന്നു. പശുക്കളെ വാങ്ങുന്ന  സംഘം പരിധിയിലുള്ള ക്ഷീരകർഷകരിൽനിന്ന് സംഘം പാൽ ശേഖരിക്കും.   പശുക്കളെ വാങ്ങാനായി ഇടുക്കി, കോട്ടയം തുടങ്ങിയ സ്ഥലത്തുനിന്നുവരെ ക്ഷീര കർഷകർ പുൽപ്പള്ളിയിൽ എത്തുന്നുണ്ട്‌. വയനാട്ടിലെ ആദ്യത്തെ കിടാരി പാർക്കാണ് പുൽപ്പള്ളിയിലേത്. പശുക്കളെ സംരക്ഷിക്കാൻ വിശാലവും ശുചിത്വമുള്ളതുമായ ആല ആനപ്പാറയിൽ ഒരുക്കിയിട്ടുണ്ട്‌. വെറ്ററിനറി ഡോക്ടറുടെ സേവനവുമുണ്ട്. പശുവിന് പാൽ ലഭിക്കുന്നതനുസരിച്ച് 49000 രൂപ മുതലാണ് വിൽപ്പന വില. ക്ഷീരകർഷകർക്ക് പശുക്കളെ വാങ്ങാൻ കേരള ബാങ്കിൽനിന്ന് വായ്പാ സൗകര്യവും സംഘം ഏർപ്പാടാക്കി. 
കർഷകരിൽനിന്ന് ചാണകം സംഭരിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പശുപരിപാലനത്തിലൂടെ തരക്കേടില്ലാത്ത ജീവിതമാർഗം കർഷകർക്ക് ഒരുക്കിക്കൊടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ്‌ ബൈജു നമ്പിക്കൊല്ലിയും സെക്രട്ടറി എം ആർ ലതികയും പറഞ്ഞു. നിലവിൽ പ്രതിദിനം 21000 ലിറ്ററിലധികം പാൽ സംഘം ശേഖരിക്കുന്നു. 1500ഓളം അംഗങ്ങളുമുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top