04 November Monday

എൽസ്‌റ്റണിലും നെടുമ്പാലയിലും ടൗൺഷിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

എൽസ്‌റ്റൺ എസ്‌റ്റേറ്റു്

കൽപ്പറ്റ
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്‌റ്റണിലും മേപ്പാടി നെടുമ്പാലയിലും ടൗൺഷിപ്പ്‌ ഉയരും. രണ്ടിടത്തുമായി 127.11 ഹെക്ടർ ഏറ്റെടുക്കാനാണ്‌ സർക്കാർ തീരുമാനിച്ചത്‌. കൽപ്പറ്റ ബൈപാസിനോട്‌ ചേർന്നും മേപ്പാടി ടൗണിൽനിന്ന്‌ അഞ്ച്‌ കിലോമീറ്റർ മാറിയും കണ്ണായ സ്ഥലമാണ്‌ ദുരന്തബാധിതർക്കായി കണ്ടെത്തിയത്‌. ദുരന്തനിവാരണ നിയമം 2005 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനാൽ നടപടി വേഗത്തിലാകും. ഇരുസ്ഥലവും വിദഗ്‌ധസംഘങ്ങൾ പരിശോധിച്ച്‌ ടൗൺഷിപ്പിന്‌ അനുയോജ്യമാണെന്ന്‌ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌.
വിദഗ്‌ധ സംഘങ്ങളുടെ റിപ്പോർട്ടിന്‌ പിന്നാലെ സ്ഥലങ്ങളുടെ സർവേ നടത്തി.  ടൗൺ പ്ലാനിങ് വിഭാഗവും പ്രാഥമിക പഠനവും കാറ്റഗറി സ്‌റ്റഡിയും (മേഖലാതല പഠനം) പൂർത്തിയാക്കി. വീടുകൾ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ,  വിനോദ കേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവ എവിടെ വേണമെന്നതുൾപ്പെടെയുള്ള മാസ്‌റ്റർപ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്‌ കാറ്റഗറി സ്‌റ്റഡി നടത്തിയത്‌. ഇതുകൂടി പരിശോധിച്ചാണ്‌ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്‌. 
ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ഒന്നാംഘട്ടത്തിലും ഉരുൾപൊട്ടലിൽ വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെട്ടവരെ രണ്ടാംഘട്ടത്തിലും പുനരധിവസിപ്പിക്കും. ഗുണഭോക്താക്കളുടെ കരട്‌ പട്ടിക കലക്ടർ പ്രസിദ്ധീകരിക്കും. എഴുനൂറോളം കുടുംബങ്ങൾ പട്ടികയിൽ ഉൾപ്പെടുമെന്നാണ്‌ വിലയിരുത്തൽ. വാടക വീടുകളിൽ സർക്കാർ താൽക്കാലികമായി പുനരധിവസിപ്പിച്ചവരും ബന്ധുവീടുകളിൽ താമസിക്കുന്നവരുമാണ്‌ ഗുണഭോക്താക്കളാകുക. എവിടെ വീട്‌ വേണമെന്നത്‌ ഇവർക്ക്‌ സ്വയം തീരുമാനിക്കാനാകും. ടൗൺഷിപ്പുകളുടെ ഭാഗമാകണോ, വീട്‌ നെടുമ്പാലയിൽ വേണോ, എൽസ്‌റ്റണിൽ വേണോ തുടങ്ങിയവയെല്ലാം ഗുണഭോക്താക്കളുടെ താൽപ്പര്യമനുസരിച്ചായിരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top