14 May Friday
കോവിഡ്‌ പ്രതിരോധം

അടച്ചു; സഹകരിച്ച്‌ ജനം

സ്വന്തം ലേഖകൻUpdated: Tuesday May 4, 2021

ബത്തേരി നഗരത്തിലെ പൊലീസ് പരിശോധന

കൽപ്പറ്റ
കോവിഡ്‌ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളിൽ സഹകരിച്ച്‌ ജില്ലയും. വാരാന്ത്യ നിയന്ത്രണത്തിന്‌ സമാനമായി അവശ്യ സർവീസുകൾ മാത്രമാണ്‌ ചൊവ്വാഴ്‌ച മുതലുള്ളത്‌. ലോക്‌ഡൗണിന്‌ തുല്യമായ നിന്ത്രണങ്ങളാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. 
കോവിഡിനെ വീട്ടിലിരുന്ന്‌ പ്രതിരോധിക്കുന്നതിന്‌‌ ഞായറാഴ്‌ച‌ വരെയാണ്‌ കടുത്ത നിയന്ത്രണങ്ങൾ. സർക്കാർ നിർദേശത്തോട്‌ ആളുകൾ  സഹകരിക്കുന്നുണ്ട്‌.  കർശന പൊലീസ്‌ പരിശോധനകളുമുണ്ട്‌. നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ പൊലീസ്‌ നടപടികളും ശക്തമാണ്‌.
നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ നിയന്ത്രണത്തിലാണ്‌. അത്യാവശ്യ യാത്രകൾ മാത്രമാണ്‌ അനുവദിച്ചിട്ടുള്ളത്‌‌‌. ഭക്ഷ്യവസ്‌തുക്കൾ, പലചരക്ക്‌ സാധനങ്ങൾ, പച്ചക്കറി, പാൽ, മത്സ്യം, മാംസം, മെഡിക്കൽ ഷോപ്പ്‌  എന്നിവയ്‌ക്ക്‌ മാത്രമാണ്‌ പ്രവർത്തിക്കാൻ അനുമതിയുള്ളത്‌. എല്ലാം രാത്രി ഏഴരയ്‌ക്കുള്ളിൽ അടയ്‌ക്കണം.  മറ്റുവ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്‌. കെഎസ്‌ആർടിസി ചുരുങ്ങിയ സർവീസുകൾ നടത്തി. സ്വകാര്യ ബസ്‌ സർവീസുകൾ ഉണ്ടായില്ല.  റോഡുകളിൽ പൊലീസ്‌ പരിശോധന കർശനമായിരുന്നു. നഗരങ്ങളിലെ എല്ലാ റോഡുകളിലും പൊലീസുണ്ടായിരുന്നു. ഗ്രാമങ്ങളിലും റോന്തുചുറ്റി. മുഴുവൻ വാഹനങ്ങളും പരിശോധിച്ചാണ്‌ കടത്തിവിട്ടത്‌. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയവരെ തിരിച്ചയച്ചു. 
കോവിഡ്‌ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്‌ നാടിനെയാകെ ഭീതിയിലാഴ്‌ത്തുകയാണ്‌. ജില്ലയിലും നിത്യേന കോവിഡ്‌ മരണങ്ങളുമുണ്ട്‌.  രോഗബാധയിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു. അടച്ചിടൽ ദിനങ്ങളിൽ പുറത്തിറങ്ങാതെ വീട്ടിൽത്തന്നെയിരുന്നാൽ രോഗത്തെ പ്രതിരോധിക്കാനാവുമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top