02 June Tuesday

ആശ്വാസത്തണലിൽ നിർമാണത്തൊഴിലാളികളും

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
കൽപ്പറ്റ
തൊഴിലില്ലാത്ത ദിനങ്ങളിലും സർക്കാരിന്റെ കൈത്താങ്ങിന്റെ ആശ്വാസത്തിൽ ജില്ലയിലെ നിർമാണ തൊഴിലാളികൾ.   തൊഴിലാളികൾക്ക്‌ ആയിരം രൂപ സഹായധനം നൽകുമെന്ന ക്ഷേമനിധിബോർഡ്‌ പ്രഖ്യാപനം ജില്ലയിലെ നൂറുകണക്കിന്‌ തൊഴിലാളികൾക്ക്‌ പ്രയോജനപ്പെടും. കോവഡ്‌ രോഗബാധയും ലോക്ക്‌ ഡൗണുമെല്ലാം കാരണം തൊഴിൽ എടുക്കാൻ കഴിയാതിരിക്കുമ്പോഴാണ്‌  പിടിച്ചുനിൽക്കാൻ സർക്കാർ സഹായം ലഭിക്കുന്നത്‌.  ജില്ലയിൽ 27,771 പേർ ക്ഷേമനിധിബോർഡിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും  ഇതിൽ 2018ൽ ക്ഷേമനിധി ബോർഡ്‌ അംഗത്വം പുതുക്കിയവർക്കാണ്‌ സഹായം ലഭിക്കുന്നത്‌. 
       ഇത്‌ കൂടാതെ തൊഴിലാളികൾക്കും പെൻഷൻകാർക്കും സഹായം നൽകുന്ന മറ്റ്‌ പദ്ധതികളും ബോർഡ്‌ നടപ്പാക്കുന്നുണ്ട്‌. മസ്‌റ്ററിങ്‌ പൂർത്തിയാക്കിയ തൊഴിലാളികളുടെ കുടുംബത്തിൽ ക്യാൻസർ, വൃക്കരോഗം എന്നിവയാൽ അലട്ടുന്നവരുണ്ടെങ്കിൽ അവർക്ക്‌ പ്രത്യേക ചികത്സാസഹായവും നൽകുന്നുണ്ട്‌. ബോർഡിൽ ജില്ലയിൽ രജിസ്‌റ്റ്‌ർ ചെയ്‌ത മൂവായിരത്തിലധികം പേർക്ക്‌ ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ പെൻഷനും  നൽകി കഴിഞ്ഞു. 
     പ്രളയത്തിനും നിർമാണ പ്രതിസന്ധിക്കും പിന്നാലെയാണ്‌ കോവിഡും ലോക്കൗട്ടും തൊഴിലാളികൾക്ക്‌ വീണ്ടും പ്രഹരമായത്‌.  ഈ പ്രയാസങ്ങൾക്കിടയിലാണ്‌ സർക്കാരിന്റെ കരുതലും സഹായവും തൊഴിലാളികൾക്ക്‌ തുണയാവുന്നത്‌.
 അതേസമയം ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാതിരുന്നത്‌ നിരവധി തൊഴിലാളികൾക്ക്‌ തിരിച്ചടിയാവും. മാസം 50 രൂപമാത്രം ക്ഷേമഗഡുവായി അടച്ചാൽ ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക്‌ ലഭിക്കുമായിരുന്നു. നിർമാണതൊഴിലാളികൾക്ക്‌ കോവിഡ്‌ കാലത്ത്‌ ക്ഷേമബോർഡും സർക്കാരും നൽകിയ സഹായം മാതൃകപരമാണെന്ന്‌ നിർമാണതൊഴിലാളിയൂനിയൻ ജില്ലാ സെക്രട്ടറി എം മധു പറഞ്ഞു.
പ്രധാന വാർത്തകൾ
 Top