28 May Thursday
തിരിച്ചടവിന് മൂന്നുവർഷം

കുടുംബശീ വായ്പ: ആദ്യഘട്ടം 200 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
കൽപ്പറ്റ
മഹാമാരിയുടെ കാലത്തെ സാമ്പത്തിക സുസ്ഥിതിക്ക് കുടുംബശ്രീവഴി ജില്ലയിൽ ആദ്യഘട്ടം വിതരണം ചെയ്യുക 200 കോടി. ആകെയുള്ള 9735 അയൽക്കൂട്ടങ്ങളിലെ അംഗങ്ങക്ക് 20,000 രൂപവീതം പലിശരഹിത വായ്പ ലഭിക്കും. സംസ്ഥാനത്ത് രണ്ടായിരം കോടിയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ജില്ലയിൽ 1,12,292 കുടുംബശ്രീ അംഗങ്ങളാണുള്ളത്. ഇതിൽ 1,0,500പേർ പലിശരഹിത വായ്പ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചുള്ള കണക്കുകൾ ജില്ലാ മിഷൻ തയ്യാറാക്കി സമർപ്പിച്ചു. ഇപ്പോൾ വായ്പ വേണ്ടാത്തവർ പിന്നീട് ആവശ്യപെട്ടാൽ അനുവദിക്കുമെന്ന് ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സാജിത പറഞ്ഞു. 
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സർക്കാർ കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേക വായ്പാ പാക്കേജ് പ്രഖ്യാപിച്ചത്. തിരിച്ചടവിന് മൂന്നുവർഷം കാലാവധിയുണ്ട്. പ്രളയകാലത്ത് നടപ്പാക്കിയ വായ്പാ പദ്ധിയുടെ മാതൃകയിലാണ് കോവിഡ് വായ്പയും അനുവദിക്കുക. ലിങ്കേജ് വായ്പയായി അയൽക്കൂട്ടങ്ങൾക്ക് തുക നൽകും. ആറ് മാസം കൂടുമ്പോൾ പലിശ സർക്കാർ അനുവദിക്കും. പദ്ധതിയുടെ മാർഗരേഖ ഉടൻ സംസ്ഥാന മിഷൻ പുറത്തിറക്കും. അടുത്ത ആഴ്ച്ചയോടെ തുക അംഗങ്ങളുടെ അക്കൗണ്ടിലെത്തും. തിരിച്ചടവിന് നാലുമുതൽ ആറുമാസംവരെ മൊറോട്ടോറിയവും ലഭിച്ചേക്കും. പ്രളയകാലത്ത് 23 കോടി രൂപയാണ് ജില്ലയിൽ കുടുംബശ്രീ പലിശരഹിത വായ്‌പ  അനുവദിച്ചത്. പലിശയിനത്തിൽ സംസ്ഥാന സർക്കാർ രണ്ട് കോടി ഇതിനകം നൽകി.
ഒരുകുടുംബത്തിലെ ഒന്നിൽകൂടുതൽപേർ കുടുംബശ്രീ അംഗങ്ങളാണെങ്കിൽ ഒരാൾക്കെ വായ്‌പ ലഭിക്കൂ. ലോക്ക് ഡൗണുണ്ടാക്കുന്ന  സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കുടുംബങ്ങളിലെ സാമ്പത്തിക സുരക്ഷക്കുമായി പ്രഖ്യാപിച്ചിട്ടള്ള വായ്പാ പദ്ധതി ജില്ലയിലെ അംഗങ്ങൾക്ക് ഏറെ ആശ്വാസമാകും. ആദിവാസികളടക്കമുള്ള ഒരുലക്ഷത്തിലധികംപേർ ഗുണഭോക്താക്കളാകും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top