കൽപ്പറ്റ
സംസ്ഥാന ബജറ്റ് ജില്ല നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്നതും വികസനത്തിന് കരുത്തുപകരുന്നതുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. വയനാട് പാക്കേജ് ഘട്ടംഘട്ടമായി നടപ്പാക്കുകയാണ്. 75 കോടിരൂപകൂടി ഇത്തവണ അനുവദിച്ചു. കൃഷിക്ക് മുൻഗണന നൽകിയാണ് പാക്കേജ് നടപ്പാക്കുന്നത്.
കാരാപ്പുഴ, ബാണാസുര സാഗർ പദ്ധതികൾ 2025ഓടെ കമീഷൻ ചെയ്യുന്നത് കാർഷികമേഖലയ്‌ക്ക് നേട്ടമാകും.
എയർ സ്‌ട്രിപ്പും ജില്ലയ്‌ക്ക് അനുവദിച്ച കരിയർ ഗൈഡൻസ് സെന്ററും നേട്ടമാകും. വന്യമൃഗശല്യം തടയാൻ 50.85 കോടി രൂപ ബജറ്റിലുണ്ട്. വനം വന്യജീവി മേഖലയുടെ വികസനത്തിന് 241.66 കോടി രൂപയാണ്. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കുന്നതും കൂടുതൽ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ രൂപീകരിക്കുന്നതും ആശ്വാസമാണ്. വനത്തിന്റെ സ്വാഭാവികത നഷ്ടമാകുകയും ജലലഭ്യത ഇല്ലാതാകുകയും ചെയ്‌തതാണ് മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണം. വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനും ശാസ്‌ത്രീയ വന മാനേജ്‌മെന്റിനും 50 കോടി രൂപ മാറ്റിവച്ചത് ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായകമാകും.
വനസംരക്ഷണത്തിന് 26 കോടിയും വനാതിർത്തി നിർണയത്തിന് 28 കോടിയും പ്രതീക്ഷ നൽകുന്നതാണ്.
ഓരോ ആദിവാസി കുടുംബത്തിനും ഒരു ഉപജീവന പദ്ധതി മുന്നേറ്റമാകും. ഭൂരഹരിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി 45 കോടി രൂപ വകയിരുത്തിയതും ആശ്വാസമാണ്. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസനിധിക്കായി 1.10 കോടി രൂപയും ലയങ്ങളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപയുമുണ്ട്.
വിനോദസഞ്ചാരമേഖലയ്‌ക്ക് അനുവദിച്ച 362.15 കോടിയിലും ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിന് അനുവദിച്ച 135 കോടിയിലും നല്ല പങ്ക് വയനാടിനായിരിക്കും. ജില്ലയെ കരുതലോടെ കണ്ട സർക്കാരിനെ സെക്രട്ടറിയറ്റ് അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..