06 December Friday

എൽഡിഎഫിനെയും സിപിഐ എമ്മിനെയും തകർക്കുക ലക്ഷ്യം സിപിഐ എം ജില്ലാ സെക്രട്ടറിക്കെതിരായ വ്യാജ ആരോപണം തള്ളണം: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
കൽപ്പറ്റ  
സിപിഐ എം  ജില്ലാ സെക്രട്ടറിക്കെതിരെ  ചില കേന്ദ്രങ്ങൾ നടത്തുന്ന വ്യാജ  പ്രചാരണങ്ങൾക്ക്‌ പിന്നിൽ   ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും  തകർക്കുകയെന്ന ഗൂഢലക്ഷ്യമാണെന്ന്‌  എൽഡിഎഫ്‌ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പി ഗഗാറിനെതിരെ നൽകിയ   പരാതിയിലും ആരോപണത്തിലും വാസ്‌തവമില്ലെന്ന്‌ എൽഡിഎഫിനും സിപിഐ എമ്മിനും ഉത്തമബോധ്യമുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ എല്ലാ ആരോപണങ്ങളും വ്യാജ പ്രചാരണവും  തള്ളിക്കളയണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  വ്യാജ പരാതിയുടെ മറപിടിച്ച് യുഡിഎഫ് ഉൾപ്പടെയുള്ള ചില രാഷ്ട്രീയ കേന്ദ്രങ്ങൾ മുതലെടുപ്പിന് നടത്തുന്ന പ്രചാരണങ്ങൾ അപലപനീയമാണ്.
ആരോപണം വ്യാജമാണെന്ന് പ്രദേശത്തെ മുഴുവൻ ആളുകൾക്കും ബോധ്യമുണ്ട്. പ്രാഥമികമായ അന്വേഷണം നടത്തിയാൽപോലും കെട്ടിച്ചമച്ചതാണെന്ന്  ബോധ്യമാകും. ഇതിന് ശ്രമിക്കാതെ അടിസ്ഥാനമില്ലാത്ത ആരോപണം ഉപയോഗപ്പെടുത്തി വാർത്തകൾ സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങളെയും, സോഷ്യൽമീഡിയയെയും ഉപയോഗപ്പെടുത്തി തല്പരകക്ഷികളും, യുഡിഎഫ് ഉൾപ്പടെയുള്ള ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും സമൂഹത്തിന് ഗുണപരവുമല്ലാത്ത കാര്യവുമാണ്.
 ഈ പരാതി ഉയർന്നുവന്നപ്പോൾ തന്നെ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും, ഒന്നും മറച്ചു വെക്കാനില്ലെന്നും സിപി ഐ എം  വ്യക്തമാക്കിയിട്ടുണ്ട്‌. വ്യാജ പരാതിയെ സംബന്ധിച്ചും അതിനുപിന്നിലുള്ള ഗൂഢാലോചനയെ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണം.  നിസ്സീമമായ പൊതുപ്രവർത്തനം നടത്തുന്ന നേതാക്കളെ വ്യാജ പരാതിയിലൂടെ ചില തല്പരകക്ഷികൾ അപമാനിക്കുന്നതും, വ്യക്തിഹത്യ നടത്തുന്നതും നമ്മുടെ സാമൂഹ്യപുരോഗതിക്ക് ഗുണപരമല്ല. ഇത്തരം ശ്രമങ്ങളെ കൂട്ടായി ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്. എന്നാൽ അതിനുപകരം ഇത്തരത്തിലുള്ള വ്യാജ പരാതിയെപോലും താൽക്കാലിക രാഷ്ട്രീയ ലാഭത്തിനായി പയോഗിക്കാനുള്ള ശ്രമം യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്‌ വെളിവാക്കുന്നത്. ഇതവസാനിപ്പിക്കാൻ യുഡിഎഫ് തയ്യാറാകണമെന്നും എൽഡിഎഫ് ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.  സി കെ ശശീന്ദ്രൻ എംഎൽഎ, പി ഗഗാറിൻ, വിജയൻ ചെറുകര, സി എം ശിവരാമൻ, വി പി വർക്കി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top