24 October Thursday

അതിജീവനത്തിന്‌ ഒപ്പമുണ്ട്‌ ആശ്വസിപ്പിച്ച്‌ കോടിയേരി

സ്വന്തം ലേഖകൻUpdated: Tuesday Sep 3, 2019

പുത്തുമലയിലെത്തിയ സിപിെഎ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട്‌ സംസാരിക്കുന്നു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ. സി കെ ശശീന്ദ്രൻ എംഎൽഎ എന്നിവർ സമീപം

കൽപ്പറ്റ
ദുരിതബാധിതരുടെ സങ്കടങ്ങൾകേട്ടും ആശ്വസിപ്പിച്ചും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജില്ലയിലെ ദുരിതബാധിത മേഖലകളിലെത്തിയ കോടിയേരി അതിജീവനത്തിനൊപ്പമുണ്ടെന്ന്‌ ഉറപ്പുനൽകി. പുത്തുമലയും മുട്ടിൽ പഴശ്ശി കോളനിയും കുറച്യർമലയും സന്ദർശിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കാതെ വയനാട് ഒറ്റക്കെട്ടായി ദുരന്തങ്ങളെ നേരിട്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
പകൽ മൂന്നോടെ മുട്ടിൽ പഴശ്ശി കോളനിയിലാണ്‌ ആദ്യമെത്തിയത്‌. മണ്ണിടിഞ്ഞ്‌ മരിച്ച കോളനിയിലെ മഹേഷ്‌–-പ്രീതു ദമ്പതിമാരുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു. മഹേഷിന്റെ അമ്മ മല്ലികയും പ്രീതുവിന്റെ അച്ഛൻ വേലായുധനും നിറമിഴികളോടെ സങ്കടങ്ങൾ പറഞ്ഞു. മഹേഷിന്റെയും പ്രീതുവിന്റെയും വിവാഹം കഴിഞ്ഞ്‌ മൂന്നുമാസമേ ആയിട്ടുണ്ടായിരുന്നുള്ളു. അതിനിടയിലാണ്‌ കാലവർഷദുരന്തം  തട്ടിയെടുത്തത്‌. ആഗസ്‌ത്‌ എട്ടിന്‌ കോളനിക്ക്‌ പിറകിലുണ്ടായ മണ്ണിടിച്ചിലിലാണ്‌ ഇവർ മരിച്ചത്‌. പിന്നീട്‌ ഒന്നര ആഴ്‌ച്ചയോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കോളനിക്കാർ. സിപിഐ എം ലോക്കൽ സെക്രട്ടറി കെ എ കുഞ്ഞമ്മദ്‌കുട്ടി,  വാർഡ്‌ മെമ്പർ അബ്ദുള്ള പുൽപ്പാടി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഭരതൻ എന്നിവരും കോടിയേരിയോട്‌ സംഭവങ്ങൾ വിവരിച്ചു. പുത്തുമലയിൽ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ കുടുംബാംഗങ്ങളേയും ബന്ധുക്കളെയും കണ്ടു. ഓരോരുത്തരുമായി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു. ദുരന്തത്തിൽ ഇല്ലാതായ ഗ്രാമത്തിന്റെ ശേഷിപ്പുകൾ അദ്ദേഹം നടന്നുകണ്ടു. മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദ്‌, വാർഡ്‌ മെമ്പർ പി ചന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ അബ്ദുറഹ്‌മാൻ, കെ വിനോദ്‌   എന്നിവരും കോടിയേരിയെ വിവരങ്ങൾ ധരിപ്പിച്ചു. 
രണ്ടാംവർഷവും ഉരുൾപ്പൊട്ടിയ കുറിച്യർമല  മേൽമേൽമുറിയിലുമെത്തി ദുരിതബാധിതരെ കണ്ടു. പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ സി പ്രസാദ്‌, ജില്ലാ പഞ്ചായത്ത്‌ അംഗം പി എൻ വിമല, ലോക്കൽ സെക്രട്ടറി കെ ജറീഷ്‌, വാർഡ്‌ അംഗം കെ വി ബാബു തുടങ്ങിയവരുമായി വിശദമായി സംസാരിച്ചു.  
ദുരന്തമേഖലകളിൽ കോടിയേരിക്കൊപ്പം  സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ എൻ പ്രഭാകരൻ, കെ റഫീഖ്‌ , കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധു, വൈത്തിരി ഏരിയാ സെക്രട്ടറി സിഎച്ച്‌ മമ്മി, കെ സുഗതൻ, എം സെയ്‌ത്‌  എന്നിവരും ഉണ്ടായിരുന്നു.

 

പ്രധാന വാർത്തകൾ
 Top