20 September Friday
കാഞ്ഞിരത്തിനാൽ ഭൂമി

നീതിയുടെ പക്ഷം നിയമസഭാ കമ്മിറ്റി

സ്വന്തം ലേഖകൻUpdated: Saturday Aug 3, 2019

നിയമസഭാ പെറ്റീഷൻ കമ്മിറ്റി അംഗങ്ങളായ കെ ബി ഗണേഷ്‌കുമാർ, സി കെ ശശീന്ദ്രൻ, പി ഉബൈദുള്ള, ആർ രാമചന്ദ്രൻ, വി പി സജീന്ദ്രൻ എന്നിവർ കാഞ്ഞിരത്തിനാൽ ഭൂമി സന്ദർശിക്കുന്നു

കോറോം
കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ നീതിയുടെ പക്ഷത്തുനിന്ന്‌ തീരുമാനമെടുത്ത്‌ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകുമെന്ന്‌ നിയമസഭാ പെറ്റീഷൻ കമ്മിറ്റി.  കെ ബി ഗണേഷ്‌കുമാർ എംഎൽഎ ചെയർമാനായ കമ്മിറ്റി കോറോത്ത്‌ കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമി സന്ദർശിച്ചശേഷം നടത്തിയ അദാലത്തിൽ  വനംവകുപ്പിന്റെയും പരാതിക്കാരുടെയും വാദങ്ങൾകേട്ടശേഷമാണ്‌ ഉക്കാര്യം വ്യക്തമാക്കിയത്‌.  കാഞ്ഞിരത്തിനാൽ ഭൂമിപ്രശ്‌നത്തിൽ നീതിരഹിതമായ നടപടി ഉണ്ടായിട്ടുണ്ട്‌. ന്യായവും അന്യായവും കമ്മിറ്റി വിശദമായി പരിശോധിക്കും. വിഷയം നീട്ടിക്കൊണ്ടുപോകില്ല.  ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കും. കോടതി ഉത്തരവുകളും സർക്കാർ ഉത്തരവുകളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുള്ള വീഴ്‌ചകൾ, കുടംബത്തിനെതിരായി കോടതി ഉത്തരവുകൾ ഉണ്ടാകാനിടയായ സാഹചര്യങ്ങൾ എന്നിവയെല്ലാം പരിശോധിക്കുമെന്നും നിയമസഭാ കമ്മിറ്റി വ്യക്തമാക്കി.   എംഎൽമാരായ സി കെ ശശീന്ദ്രൻ, ആർ രാമചന്ദ്രൻ, വി പി സജീന്ദ്രൻ, പി ഉബൈദുള്ള എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്‌   സ്ഥലപരിശോധന നടത്തിയത്‌. പകൽ പതിനൊന്നോടെ എത്തിയ എംഎൽഎമാർ സ്ഥലം നടന്നുകണ്ടു. വിവിധവകുപ്പ്‌  ഉദ്യോഗസ്ഥർ ,  പരാതിക്കാർ, പഞ്ചായത്ത്‌ അധികൃതർ, ജോർജിന്റെ ഭൂമിയോട്‌ ചേർന്ന്‌ താമസിക്കുന്നവർ, കർഷക സംഘം നേതാക്കൾ  എന്നിവരിൽനിന്നും വിവരങ്ങൾ ആരാഞ്ഞു. 
പിന്നീട്‌ നടന്ന അദാലത്തിൽ രേഖകൾ പരിശോധിച്ചു. വനം, റവന്യു, സർവേ വകുപ്പുകളുടെ വാദവും പരാതിക്കാരുടെ വാദവും  വിശദമായി കേട്ടു.  നേരത്തെ  തയ്യറാക്കി സർക്കാരിന്‌ സമർപ്പിച്ച റിപ്പോർട്ടിലെ വിശദാംശങ്ങൾ സബ്‌കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ അവതരിപ്പിച്ചു. സർവേ റിപ്പോർട്ടിലെ പാളിച്ചകളടക്കം കമീഷൻ മുമ്പാകെ എത്തി. സർവേ നമ്പറുകൾ തിരുത്തിയതും കമീഷന്റെ ശ്രദ്ധയിൽവന്നു. 2013ൽ ആണ്‌ കാഞ്ഞിരത്തിനാൽ ഭൂമി വനഭൂമിയായി സർക്കാർ വിജ്ഞാപനം ചെയ്‌തതെന്ന്‌ സബ്‌കലക്ടർ ചൂണ്ടിക്കാണിച്ചു. കേസ്‌ നിലവിലിരുന്നതിനാലാണ്‌ വിഞാപനം ഇറക്കാതിരുന്നതെന്നായിരുന്നു വനംവകുപ്പിന്റെ വാദം. ഭൂമി വനം വകുപ്പ്‌ പിടിച്ചെടുത്തശേഷം രണ്ട്‌ തവണയായി 10 വർഷത്തോളം ഭൂമി സംബന്ധിച്ച്‌ കേസ്‌ ഉണ്ടായിരുന്നില്ല. ഈ സമയത്തും  വിജ്ഞാപനം ഇറക്കിയില്ല. വിഷയത്തിൽ കുടുംബത്തിന്റെ വാദം ന്യായമാണെന്ന്‌ ബോധ്യപ്പെടുകയും അതിനനുസൃതമായ നടപടികൾ ഉണ്ടാകുമെന്ന്‌ വ്യക്തമാകുകയും ചെയ്‌തതോടെയാണ്‌ വനംവകുപ്പ്‌ വിജ്ഞാപനം ഇറക്കിയതെന്ന്‌ പരാതിക്കാർ പറഞ്ഞു. വനംവകുപ്പ്‌ നോർത്തേൺ സിസിഎഫ്‌ കാർത്തികേയൻ, സർവേ ഡെപ്യൂട്ടി ഡയറക്ടർ സുരേശൻ കണിച്ചേരി, ജില്ലാ സർവേ സൂപ്രണ്ട്‌ എസ്‌ സുനിൽ, അഡ്വ. വി ടി പ്രദീപ്‌ കുമാർ, കാഞ്ഞിരത്തിനാൽ ജെയിംസ്‌ എന്നിവരിൽനിന്നും കമീഷൻ വിവരങ്ങൾ തേടി. 
പ്രധാന വാർത്തകൾ
 Top