കൽപ്പറ്റ
നഗരസഭയിലെ തകർക്കുന്നുകിടക്കുന്ന അമ്പിലേരി–- - നെടുങ്ങോട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജനകീയ ധർണ നടത്തി. റോഡ് ഗതാഗതയോഗ്യമാക്കുക, കൗൺസിലർമാർ നീതിപാലിക്കുക, ദുരിതയാത്രക്ക് അറുതിവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. റോഡിലൂടെ കാൽനടപോലും ദുഷ്കരമാണ്. രണ്ട് കിലോമീറ്റർ പാതയിൽ കുഴികൾ മാത്രമാണ്. ശ്രദ്ധ അൽപ്പം തെറ്റിയാൽ ഗട്ടറിൽ വീഴുമെന്നുറപ്പ്. വാഹനയാത്രക്കാർക്ക് അപകടസാധ്യത ഏറെയാണ്.
പ്രദേശത്തേക്ക് വിളിച്ചാൽ ഓട്ടോ പോലും വരാത്ത സ്ഥിതിവിശേഷമാണ്. നഗരസഭയുടെ 4, 12 വാർഡുകളിലൂടെയാണ് പാത കടന്നുപോകുന്നത്. നാനൂറിലധികം കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. വർഷങ്ങളായി റോഡ് നന്നാക്കാൻ നഗരസഭ തയ്യാറായിട്ടില്ല. കുഴികൾപോലും അടച്ചില്ല. പൊടിശല്യവും രൂക്ഷമാണ്. അമ്പിലേരി ഇൻഡോർ സ്റ്റേഡിയത്തിലേക്കുള്ള പാതകൂടിയാണിത്.
സ്കൂൾ ബസുകൾ അടക്കം പോകുന്ന റോഡാണിത്. പലതവണ നഗരസഭയിൽ ആവശ്യമുന്നയിച്ചെങ്കിലും മുഖംതിരിക്കുന്ന നിലപാടാണ്. പ്രദേശത്തെ കൗൺസിലർമാർ റോഡ് നന്നാക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. അടിയന്തരമായി റോഡ് നന്നാക്കിയില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനാണ് സിപിഐ എം തീരുമാനം.
അമ്പിലേരി മിൻഹ ജങ്‌ഷനിൽ ധർണ പി ആർ നിർമല ഉദ്ഘാടനംചെയ്തു. കെ അശോക് കുമാർ അധ്യക്ഷനായി. പി കെ അബു, എം കെ ഷിബു, ഇ കെ ബിജുജൻ എന്നിവർ സംസാരിച്ചു. വി എം റഷീദ് സ്വാഗതവും കെ വാസുദേവൻ നന്ദിയും പറഞ്ഞു. നിരവധിപേർ പ്രക്ഷോഭത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..