കൽപ്പറ്റ
പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശവുമായി ‘വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽ ജില്ലയിൽ നൂറോളം പ്രദേശങ്ങൾ ശുചീകരിച്ചു. ജനുവരി 26 മുതൽ 30 വരെ നടത്തിയ ക്യാമ്പയിനിൽ 88 വാർഡുകളിൽ ശുചീകരണം നടന്നു. നവകേരളം കർമപദ്ധതിയിലുൾപ്പെടുത്തി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിൻ നടത്തിയത്.
3049 കിലോഗ്രാം മാലിന്യം ക്യാമ്പയിന്റെ ഭാഗമായി ശേഖരിച്ചു. വിവിധ ഇടങ്ങളിലായി 2202 പേർ പങ്കാളികളായി. പൂതാടി പഞ്ചായത്ത് 22 വാർഡുകളിൽ 20 വാർഡുകളിലും ക്യാമ്പയിൻ സംഘടിപ്പിച്ച് മുൻനിരയിലെത്തി.
‘വൃത്തിയുള്ള നവകേരളം' എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ട പ്രവർത്തനമായാണ് വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ നടപ്പാക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്‌കൂൾ, അങ്കണവാടികൾ, ക്ലബ്ബുകൾ, വായനശാലകൾ, പൊതു നിരത്തുകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുമാണ് ശുചീകരണം നടത്തിയത്. ശുചീകരണത്തിനുശേഷം ശേഖരിക്കപ്പെട്ട മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. വൃത്തിയാക്കിയ പൊതുഇടങ്ങളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂച്ചെടികൾ നടും.
ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, ഹരിതകർമ സേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, കുട്ടികൾ, ആശാവർക്കർമാർ തുടങ്ങിയവരാണ് ക്യാമ്പയിനിൽ പങ്കെടുത്തത്.
ക്യാമ്പയിനിന്റെ ഭാഗമായി നിലവിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളും രീതികളും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..