കൽപ്പറ്റ
കേന്ദ്രബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ക്രൂരമായ അവഗണനയാണ് നേരിട്ടത്.
കാർഷിക ജില്ലയായ വയനാടിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാണ് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ്. തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് ഗുരുതരമായി ബാധിക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് കരുത്താകേണ്ട പദ്ധതി തകർക്കുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. തൊഴിലില്ലായ്‌മ രൂക്ഷമാക്കും. തൊഴിൽദിനങ്ങളും കൂലിയും വർധിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുമ്പോഴാണ് ഏറ്റവും കുറഞ്ഞവിഹിതം ഉൾപ്പെടുത്തിയത്. രാജ്യത്തുതന്നെ മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ജില്ലയാണ് വയനാട്.
ജില്ലയിലെ അതിരൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിനും പദ്ധതികളോ സഹായമോ ഇല്ല. വനം, കേന്ദ്രത്തിന് അധികാരമുള്ള കൺകറന്റ് ലിസ്‌റ്റിലാണ്. വന്യമൃഗങ്ങളുടെ സംരക്ഷണം കേന്ദ്രസർക്കാരിന്റെ ബാധ്യതയാണ്. കടുവയും പുലിയും ഉൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നിരന്തരം അക്രമണമുണ്ടാക്കിയിട്ടും കേന്ദ്രം കണ്ണടയ്‌ക്കുകയാണ്. വനത്തിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള കൃഷിയിടത്തിൽ കടുവ കർഷകനെ കൊന്നിട്ടും കേന്ദ്രം അനങ്ങുന്നില്ല. വന്യമൃഗശല്യ പ്രതിരോധത്തിന് പദ്ധതി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായ സമയത്തും ഒരുനടപടിയും ഇല്ലാത്തത് ക്രൂരമാണ്. ബജറ്റിൽ കർഷകരെയും മറന്നു. വളം സബ്‌സിഡി വെട്ടിക്കുറച്ചത് കാർഷിക മേഖലക്ക് തിരിച്ചടിയാകും. കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള താങ്ങുവിലയെക്കുറിച്ച് പരമർശം പോലുമില്ല. തോട്ടം മേഖലയെയും അവഗണിച്ചു. തോട്ടം മേഖല സംരക്ഷിക്കുന്നതിന് പദ്ധതിവേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞു. പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും മതിയായ പദ്ധതികളില്ല.
അടിസ്ഥാന വിഭാഗങ്ങളെ അവഗണിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..