മാനന്തവാടി
നഗര, ഗ്രാമീണ റോഡുകൾ കോർത്തിണക്കിയുള്ള മലയോര ഹൈവേയുടെ മാനന്തവാടി മണ്ഡലത്തിലെ പ്രവൃത്തികൾ പുരോഗമിക്കുന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗൺ മുതൽ പനമരം പഞ്ചായത്തിലെ പച്ചിലക്കാടുവരെയും തവിഞ്ഞാലിലെ വാളാട് മുതൽ കുങ്കിച്ചിറവരെയുമുള്ള മൂന്ന് റീച്ചുകളിലും പ്രവൃത്തി ആരംഭിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൈാസൈറ്റിയാണ് കരാറെടുത്തത്. 116 കോടി രൂപയുടെ പ്രവൃത്തിയാണ് കിഫ്ബി ഫണ്ടിൽ നടത്തുന്നത്.
മാസങ്ങൾക്കുമുമ്പുതന്നെ റോഡിലെ കുഴിയടയ്ക്കൽ പ്രവൃത്തി തുടങ്ങി. 12 മീറ്ററിലാണ് റോഡ് വികസനം. പ്രധാനമായും കൾവർട്ടുകളുടെ നിർമാണമാണിപ്പോൾ. പാതയുടെ ഇരുവശവും താമസിക്കുന്നവരുടെയും വ്യാപാരികളുടെയും യോഗം ഒ ആർ കേളു എംഎൽഎയുടെ നേതൃത്വത്തിൽ നേരത്തെതന്നെ വിളിച്ചുചേർത്ത് പൊതുജന സഹകരണം ഉറപ്പാക്കിയിരുന്നു. തലപ്പുഴ, കണിയാരം മാനന്തവാടി എന്നിവിടങ്ങളിൽ യോഗം ചേർന്നു.
മാനന്തവാടി നഗരസഭ, തവിഞ്ഞാൽ, തൊണ്ടർനാട്, എടവക , വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ബോയ്സ് ടൗൺ മുതൽ പച്ചിലക്കാട് വരെ 32.5 കിലോമീറ്ററും വാളാട് മുതൽ കുങ്കിച്ചിറവരെ 10 കിലോമീറ്ററുമാണ് പദ്ധതിയിൽ ഉള്ളത്. തലപ്പുഴ, മാനന്തവാടി, തോണിച്ചാൽ, നാലാംമൈൽ, അഞ്ചാംമൈൽ, പനമരം എന്നീ ടൗണുകളുടെ വികസനത്തിനും ഹൈവേ വഴിയൊരുക്കും. കുങ്കിച്ചിറവരെയെത്തുന്ന പാത ഗ്രാമീണ മേഖലയുടെ മുഖച്ഛായ മാറ്റും.
മാനന്തവാടി നഗരഹൃദയത്തിലൂടെയാണ് പാതയുടെ വികസനം. എരുമത്തെരുവ് മുതൽ വീതി വർധിക്കും. ഇവിടെയും പ്രവൃത്തി തുടങ്ങി. കോഴിക്കോട് റോഡ് ജങ്ഷനിലെ കുരുക്കിന് പരിഹാരമാകും. ആധുനിക നിലവാരത്തിലാണ് നിർമാണം. വളവുകൾ നിവർത്തും. സംരക്ഷണഭിത്തികളും നിർമിക്കും. കാസർകോട്ടുനിന്നാരംഭിച്ച് കണ്ണൂർ കടന്നാണ് മലയോര ഹൈവേ ജില്ലയിൽ പ്രവേശിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..