26 January Wednesday
യൂത്ത്‌ കോൺഗ്രസ്‌ നേതാവായ ആദിവാസി യുവതിയുടെ പരാതി

എൻ ഡി അപ്പച്ചൻ അപമാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

എം വിജിത

 
കൽപ്പറ്റ
ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ പരസ്യമായി അപമാനിച്ചതായി  യൂത്ത്‌ കോൺഗ്രസ്‌ നേതാവായ ആദിവാസി യുവതി  നേതൃത്വത്തിന്‌ പരാതി നൽകി.  യൂത്ത്‌ കോൺഗ്രസ്‌ മാനന്തവാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം വിജിതയാണ്‌ രാഹുൽ ഗാന്ധി എംപി ഉൾപ്പെടെയുള്ള നേതാക്കൾക്ക്‌ പരാതി നൽകിയത്‌.  കഴിഞ്ഞ ആഴ്‌ച  വെള്ളമുണ്ടയിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ എൻ ഡി അപ്പച്ചൻ തനിക്കെതിരെ അപമാനകരമായ പരാമർശം നടത്തിയെന്നാണ്‌ പരാതി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ  വെള്ളമുണ്ട  ബ്ലോക്ക്‌ പഞ്ചായത്ത്‌  ഡിവിഷനിൽ സ്ഥാനാർഥിയായ താൻ പരാജയപ്പെട്ടത്‌  കാണാൻ ഭംഗിയില്ലാത്തതിനാലാണെന്ന്‌ അപ്പച്ചൻ യോഗത്തിൽ പറഞ്ഞതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. 
    കണ്ടാൽ ഒരു മെന ഇല്ലാത്തവളും (ഭംഗിയില്ലാത്തവളും) കണ്ടാൽ ജനങ്ങൾ വോട്ട്‌ ചെയ്യാത്തവളുമായ ഒരുത്തിയെ സ്ഥാനാർഥിയാക്കിയതുകൊണ്ടാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സീറ്റ്‌ നഷ്ടമായതെന്ന്‌  അപ്പച്ചൻ ആവർത്തിച്ച്‌ പറഞ്ഞു.  ഇതിന്‌ വ്യക്തമായ തെളിവുണ്ട്‌. സ്‌ത്രീത്വത്തെ പരസ്യമായി അപമാനിച്ച  എൻ ഡി അപ്പച്ചന്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തോ കോൺഗ്രസ്‌ പാർടിയിലോ തുടരാൻ അർഹതയില്ല. ഇക്കാര്യത്തിൽ  തനിക്ക്‌ അനുകൂല നടപടി ഉണ്ടാകുമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വം ഉറപ്പു‌ നൽകിയതിനാലാണ്‌ താൻ പരാതി പരസ്യമാക്കാതിരുന്നതെന്നും  യുവതി കത്തിൽ പറയുന്നു. 
   എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി  ജനറൽ സെക്രട്ടറി താരിഖ് അൻവർ തുടങ്ങിയ നേതാക്കൾക്കും യുവതി പരാതി നൽകിയിട്ടുണ്ട്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top